പ്രവർത്തന പഥത്തിലേക്ക് കാൽചുവടുകൾ വെച്ച് സംസ്ഥാന പി.വൈ.പി.എ

0

സംസ്ഥാന പി.വൈ.പി.എ പുതിയ ഭരണസമിതിയുടെ പ്രവർത്തനോദ്ഘാടനം മെയ് 1 തിങ്കളാഴ്ച വൈകുന്നേരം 4നു സഭാ ആസ്ഥാനമായ കുമ്പനാട് ഹെബ്രോൻപുരത്ത് നടന്നു. പിവൈപിഎ സംസ്ഥാന അധ്യക്ഷൻ ഇവാ. ഷിബിൻ സാമുവേൽ അധ്യക്ഷത വഹിച്ചു. ഐപിസി കേരളാ സ്റ്റേറ്റ് പ്രസിഡന്റ്‌ പാസ്റ്റർ കെ.സി.തോമസ് പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സഭയുടെ അന്തർദേശീയ സെക്രട്ടറി പാസ്റ്റർ സാം ജോർജ് മുഖ്യപ്രഭാഷണവും അനുഗ്രഹപ്രാർത്ഥനയും നടത്തി.

ഐപിസി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഡാനിയേൽ കൊന്നനിൽക്കുന്നതിൽ എക്സിക്യൂട്ടീവ് അംഗങ്ങളെയും കുടുംബാംഗങ്ങളെയും സദസിനു പരിചയപ്പടുത്തി. പിവൈപിഎ 2018 -23 കാലയളവിലെ എക്സിക്യൂട്ടീവ് അംഗങ്ങളെയും, പിവൈപിഎ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകിയ ഇലക്ഷൻ കമ്മീഷൻ അംഗങ്ങളായ ജെയിംസ് ജോർജ്ജ് വേങ്ങൂർ, പാസ്റ്റർ ജെയിംസ് എബ്രഹാം, ഫിന്നി പി മാത്യു, ഇലക്ഷൻ നിരീക്ഷകരായിരുന്ന പാസ്റ്റർ തോമസ് ജോർജ്ജ്, വെസ്ലി പി. എബ്രഹാം എന്നിവരെ മൊമെന്റോ നൽകി ആദരിച്ചു.

കേരളത്തിലെ പതിനാലു മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട അർഹരായ വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ സഹായവിതരണം ഐപിസി സംസ്ഥാന പ്രസിഡന്റ് പാസ്റ്റർ കെ.സി. തോമസ് നിർവഹിച്ചു. പിവൈപിഎയുടെ ജീവകാരുണ്യ പദ്ധതിയിലെ പ്രധാന പ്രൊജക്ടായ സ്നേഹക്കൂടിന്റെ പ്രവർത്തനങ്ങളുടെ വിശദീകരണവും അടുത്ത പ്രൊജക്ടിനെ കുറിച്ചുള്ള വിശദീകരണവും  പിവൈപിഎ സംസ്ഥാന സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ നടത്തി.

സ്നേഹക്കൂട് പ്രൊജക്ടിനായി കൊട്ടാരക്കര വേങ്ങൂരിൽ ലഭിച്ച ഭൂമിയുടെ രേഖകളുടെ  കൈമാറ്റവും സ്നേഹക്കൂട് – വേങ്ങൂർ പ്രൊജക്ടിന് വേണ്ടിയുള്ള അനുഗ്രഹ പ്രാർത്ഥനയും ഐപിസി കേരള സ്റ്റേറ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ എബ്രഹാം ജോർജ് നടത്തി. മുപ്പത് വർഷത്തിലധികമായി നോർത്ത് ഇന്ത്യയിൽ സുവിശേഷ പ്രവർത്തനം ചെയ്യുന്ന ഐ.പി.സി ഡൽഹി സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ സാം ജോർജ്ജ് ആണ് വേങ്ങൂർ ഉള്ള തന്റെ വസ്തു ഭവന രഹിതരായ മൂന്ന് പ്രിയപ്പെട്ടവർക്ക് നൽകുവാൻ മുമ്പോട്ട് വന്നത്. ഐ.പി.സി സ്റ്റേറ്റ് ജോയിന്റ് സെക്രട്ടറി ജെയിംസ് ജോർജ്ജിന്റെ ഇളയ സഹോദരൻ കൂടിയാണ് പാസ്റ്റർ സാം.

പിവൈപിഎയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ യുവജനകാഹളത്തിന്റെ റിലീസ് ഐപിസി ജനറൽ ട്രഷറർ സണ്ണി മുളമൂട്ടിൽ നടത്തി.

പുതിയ ടേമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സബ് കമ്മിറ്റി അംഗങ്ങളെയും പരിചയപ്പെടുത്തി. പാറശാല മുതൽ കാസർഗോഡ് വരെയുള്ള മേഖലകളിൽ നിന്നും നൂറു കണക്കിന് പ്രാദേശിക – സെന്റർ – മേഖല പ്രതിനിധികൾ യോഗത്തിൽ പങ്കു ചേർന്നു. കൂടാതെ ഐപിസി കേരള സ്റ്റേറ്റ് പ്രസ്ബിറ്ററി/കൗൺസിൽ അംഗങ്ങൾ,  മറ്റിതര പെന്തെകൊസ്തു പുത്രികാ സംഘടനകളുടെ പ്രവർത്തകർ എന്നിവരും ആശംസകൾ അറിയിച്ചു.

സമ്മേളത്തിനോടനുബന്ധിച്ചു നടന്ന മ്യൂസിക് നെറ്റിൽ പാസ്റ്റർ സാമുവേൽ വിൽസനും പി.വൈ.പി.എ സംസ്ഥാന ക്വയറും ഗാനശുശ്രുഷകൾക്കു നേതൃത്വം നൽകി.

സംസ്ഥാന പ്രസിഡന്റ് ഇവാ. ഷിബിൻ സാമുവേൽ, വൈസ് പ്രസിഡന്റുമാരായ ഇവാ. മോൻസി മാമ്മൻ, ബ്ലെസ്സൺ ബാബു, സെക്രട്ടറി ജസ്റ്റിൻ നെടുവേലിൽ, ജോയിന്റ് സെക്രട്ടറിമാരായ സന്ദീപ് വിളമ്പുകണ്ടം, ലിജോ സാമുവേൽ, ട്രഷറർ ഷിബിൻ ഗിലെയാദ്, പബ്ലിസിറ്റി കൺവീനർ ബിബിൻ കല്ലുങ്കൽ എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

പാസ്റ്റർ ഷിബു നെടുവേലിയുടെ പ്രാർത്ഥനയോടും പാസ്റ്റർ കെ.സി. തോമസിന്റെ ആശീർവാദത്തോടെയും സമ്മേളനം അവസാനിച്ചു.

 

You might also like