ക്രൈസ്തവ വിശുദ്ധനാട് തീർത്ഥാടകർക്കുള്ള ധനസഹായം തമിഴ്നാട് സർക്കാർ വർദ്ധിപ്പിച്ചു

0

ചെന്നൈ: ആഗോള ക്രൈസ്തവ സമൂഹത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട തീര്‍ത്ഥാടനകേന്ദ്രമായ വിശുദ്ധ നാട് സന്ദര്‍ശിക്കുന്നതിനായി തമിഴ്നാട് സര്‍ക്കാര്‍ നല്‍കിവന്നിരുന്ന ഗ്രാന്റ് ഇരുപതിനായിരത്തില്‍ നിന്നും മുപ്പത്തിയേഴായിരമായി ഉയര്‍ത്തി. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ക്രിസ്തുമസ്സിനു മുന്നോടിയായി ചെന്നൈയില്‍ സംഘടിപ്പിച്ച ക്രിസ്തുമസ് ആഘോഷത്തില്‍ പങ്കെടുക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ജെറുസലേം, ബെത്ലഹേം, നസ്രത്ത്, ജോര്‍ദ്ദാന്‍ എന്നീ പുണ്യസ്ഥലങ്ങളിലൂടെയുള്ള പത്തു ദിവസത്തെ തീര്‍ത്ഥാടനത്തിന് ആഗ്രഹമുള്ളവരില്‍ നിന്നും കഴിഞ്ഞ ഫെബ്രുവരിയില്‍ തമിഴ്നാട് സര്‍ക്കാര്‍ അപേക്ഷകള്‍ ക്ഷണിച്ചിരിന്നു.

പളനിസ്വാമിയുടെ സ്വന്തം മണ്ഡലമായ സേലത്ത് വെച്ച് ‘ഓള്‍ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകത്തിന്റെ’ (എ.ഐ.എ.ഡി.എം.കെ) അടുത്ത വര്‍ഷത്തെ അസംബ്ലി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആരംഭം കുറിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് പ്രഖ്യാപനം പുറത്തുവന്നിരിക്കുന്നത്. നിവാര്‍, ബുവേരി എന്നീ ചുഴലിക്കാറ്റുകള്‍ കാരണം ഈ മാസം ആദ്യത്തില്‍ വെള്ളപ്പൊക്കമുണ്ടായ കൂടല്ലൂര്‍, നാഗപട്ടണം, തിരുവാരൂര്‍ ജില്ലകള്‍ സന്ദര്‍ശിക്കവേ വേളാങ്കണ്ണി പള്ളി സന്ദര്‍ശിച്ചു പളനിസ്വാമി പ്രാര്‍ത്ഥനകള്‍ നടത്തിയിരുന്നു. 2018-മുതലാണ് തീര്‍ത്ഥാടനത്തിന് ആഗ്രഹിക്കുന്ന ക്രൈസ്തവരില്‍ നിന്നും തമിഴ്നാട് സര്‍ക്കാര്‍ സാമ്പത്തിക സഹായത്തിനായി അപേക്ഷകള്‍ ക്ഷണിച്ചു തുടങ്ങിയത്.

കളക്ടറേറ്റുകള്‍ക്ക് പുറമേ http://www.bcmbcmw.tn.gov.in/ എന്ന വെബ്സൈറ്റിലൂടെയും അപേക്ഷകള്‍ ലഭ്യമാക്കുന്നുണ്ട്. തമിഴ്നാടിനു പുറമേ ആന്ധ്രാപ്രദേശും ക്രൈസ്തവരുടെ പരിപാവനമായ വിശുദ്ധ നാട് സന്ദര്‍ശിക്കുവാന്‍ ആഗ്രഹിക്കുന്ന ക്രൈസ്തവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിവരുന്നുണ്ട്. വാർഷിക വരുമാനം മൂന്നുലക്ഷത്തിൽ താഴെയുള്ളവർക്ക് അറുപതിനായിരം രൂപയും മൂന്ന് ലക്ഷത്തിൽ കൂടുതൽ വാർഷിക വരുമാനമുള്ളവർക്കു മുപ്പതിനായിരം രൂപയുമാണ് ആന്ധ്ര സഹായം നല്‍കുന്നത്. വിശുദ്ധനാട് സന്ദര്‍ശനത്തിന് സബ്‌സിഡി അനുവദിക്കണമെന്ന് കേരളത്തിലും ആവശ്യമുയരുന്നുണ്ടെങ്കിലും ഇത് പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ സംസ്ഥാന ഭരണകൂടത്തിനായിട്ടില്ല.

You might also like