2021 ചൈനയിലും ഇന്ത്യയിലും ക്രിസ്ത്യാനികൾക്ക് പീഡനകാലം

0

ന്യൂയോര്‍ക്ക്: അടുത്ത വര്‍ഷം 2021-ല്‍ ചൈനയിലും, ഇന്ത്യയിലും ക്രൈസ്തവര്‍ക്കെതിരെയുള്ള മതപീഡനങ്ങളില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് മുന്നറിയിപ്പ്. ‘ക്രിസ്റ്റ്യന്‍ ചാരിറ്റി റിലീസ് ഇന്റര്‍നാഷണല്‍’ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ നേതൃത്വത്തിലുള്ള ചൈനീസ് സര്‍ക്കാര്‍ കമ്മ്യൂണിസ്റ്റ് അജണ്ടക്ക് നിരക്കാത്തതെല്ലാം ഇല്ലാതാക്കുന്ന നടപടികള്‍ ശക്തമാക്കിക്കഴിഞ്ഞതായും ആസൂത്രിതമായ എതിര്‍പ്പിലൂടെ തങ്ങള്‍ക്കിത് സാധ്യമാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് ചൈനീസ്‌ ഭരണകൂടമെന്നും പറയുന്നു. സര്‍ക്കാരില്‍ രജിസ്റ്റര്‍ ചെയ്യാത്ത നിരവധി ദേവാലയങ്ങളാണ് ഈ വര്‍ഷം ചൈനയില്‍ അടച്ചുപൂട്ടപ്പെട്ടത്. നിരീക്ഷണ കാമറ ഘടിപ്പിച്ച സര്‍ക്കാര്‍ അംഗീകൃത ദേവാലയങ്ങളുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്ന കാര്യവും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്.

ക്രൈസ്തവര്‍ക്കെതിരായി ചൈനയില്‍ നടക്കുന്ന മതപീഡനങ്ങള്‍ക്കെതിരെ ശബ്ദമുയര്‍ത്തിയ ‘ബോബ് ഫു’ വിന്റെ കുടുംബത്തിന് അമേരിക്കയില്‍ ഭീഷണി നേരിട്ടു കൊണ്ടിരിക്കുകയാണ്. കോവിഡ് പകര്‍ച്ചവ്യാധിയുടെ പേരില്‍ ചൈനയിലെ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത അധോസഭയിലെ അംഗങ്ങളായ വിശ്വാസികള്‍ക്കെതിരെ ചൈനീസ് സര്‍ക്കാര്‍ അനാവശ്യ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണെന്ന് ബോബ് ഫു ആരോപിച്ചിരുന്നു. ദേവാലയങ്ങളിലേയും ഭവനങ്ങളിലേയും കുരിശുകള്‍ നിര്‍ബന്ധപൂര്‍വ്വം മാറ്റിയത് ഇതിന്റെ ഭാഗമാണെന്നായിരിന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍.

ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഏതാണ്ട് മൂവായിരത്തോളം പേരടങ്ങുന്ന ഹിന്ദുത്വവാദികള്‍ മൂന്നു ഗ്രാമങ്ങളിലെ ക്രൈസ്തവരെ ആക്രമിച്ച സംഭവം പരാമര്‍ശിച്ചുകൊണ്ട് ചൈനക്ക് പുറമേ ഇന്ത്യയിലും ക്രിസ്ത്യാനികള്‍ക്കെതിരായ അസഹിഷ്ണുത വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തില്‍ വന്നതിന് ശേഷം ക്രൈസ്തവര്‍ക്കെതിരെയുള്ള അക്രമങ്ങള്‍ കുതിച്ചുയര്‍ന്നിരിക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.

ചൈനയില്‍ കമ്മ്യൂണിസ്റ്റു ഭരണത്തിന്റെ കീഴിലും, ഇറാനിലും, മലേഷ്യയിലും ഇസ്ലാമിന്റെ കീഴിലും ഇന്ത്യയില്‍ ഹിന്ദുത്വ വര്‍ഗ്ഗീയ വാദികളുടെ കീഴിലും ക്രൈസ്തവര്‍ പീഡിപ്പിക്കപ്പെടുന്നത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന്‍ ക്രിസ്റ്റ്യന്‍ ചാരിറ്റി റിലീസ് ഇന്റര്‍നാഷണലിന്റെ ചീഫ് എക്സിക്യുട്ടീവ്‌ പോള്‍ റോബിന്‍സണ്‍ പറഞ്ഞു. ‘ഇന്ത്യാസ് അലയന്‍സ് ഡിഫന്‍സ് ഫ്രീഡം’ (എ.ഡി.എഫ്)ന്റെ കണക്കനുസരിച്ച് കഴിഞ്ഞ വര്‍ഷത്തെ ആദ്യ പത്തുമാസങ്ങളില്‍ മതവിശ്വാസത്തിന്റെ പേരില്‍ ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട 218 സംഭവങ്ങള്‍ ഉണ്ടായപ്പോള്‍, ഈ വര്‍ഷം ഇതേ കാലയളവില്‍ 225 സംഭവങ്ങളാണ് അരങ്ങേറിയത്.

You might also like