വിശ്വാസിക്ക് ഭൂതബാധയോ?

0

താഴെപ്പറയുന്ന ദൈവത്തിൻറെ വ്യക്തവും സംശയാനിതവുമായ വാഗ്ദത്തങ്ങളുടെ മുൻപിൽ, ഒരു ദൈവപൈതൽ എങ്ങനെയാണ് ഭൂതബാധിതനാകുന്നത് എന്നത് സങ്കൽപ്പിക്കാനാവാത്തതാണ് !!!

“ആഭിചാരം യാക്കോബിന്നു പറ്റുകയില്ല; ലക്ഷണവിദ്യ യിസ്രായേലിനോടു ഫലിക്കയുമില്ല” (സംഖ്യ 23:23).

” …ശത്രുവിന്റെ സകല ബലത്തെയും ചവിട്ടുവാൻ ഞാൻ നിങ്ങൾക്കു അധികാരം തരുന്നു; ഒന്നും നിങ്ങൾക്കു ഒരിക്കലും ദോഷം വരുത്തുകയും ഇല്ല. ” (ലൂക്കൊ 10:18,19).

“എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു … അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽനിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല” (യോഹന്നാൻ 10:27-29).

“നിങ്ങളിലുള്ളവൻ ലോകത്തിൽ ഉള്ളവനെക്കാൾ വലിയവനല്ലോ” (1 യോഹന്നാൻ 4:4).

ഒരു വിശ്വാസി തന്റെ ജീവിതത്തിന്റെ ചില മേഖലകളിൽ പിശാചുക്കളാൽ പീഡിപ്പിക്കപ്പെടുകയോ നിയന്ത്രിക്കപ്പെടുകയോ ചെയ്തേക്കാം, എന്നാൽ ഒരു അവിശ്വാസിയെപ്പോലെ അവനെ ഒരിക്കലും അധിനമാക്കാൻ കഴിയില്ല. നാം വഞ്ചിക്കപ്പെട്ടേക്കാം, അടിച്ചമർത്തപ്പെട്ടേക്കാം, വിഷമിച്ചേക്കാം, എന്നാൽ ഒരിക്കലും വശീകരിക്കപ്പെടുകയില്ല (മത്തായി 24:24; 1പത്രോസ് 5:8,9). പരിശുദ്ധാത്മാവിന്റെ മാർഗനിർദേശം പിന്തുടരുന്നതിൽ പരാജയപ്പെടുമ്പോൾ ഭൂതങ്ങൾക്ക് നമ്മുടെ ചിന്തകളെയും വികാരങ്ങളെയും പ്രവൃത്തികളെയും സ്വാധീനിക്കാൻ കഴിയും. പത്രോസ് ഒരിക്കൽ സാത്താന്റെ സ്വാധീനത്തിൻകീഴിൽ ആയി (മത്തായി 16:23). പെന്തക്കോസ്‌തിന് ശേഷമുള്ള ഒരു ഉദാഹരണം അനന്യാസും സഫീറയും ആയിരിക്കും (പ്രവൃത്തികൾ 5:3,9).

നമ്മുടെ ശരീരം പരിശുദ്ധാത്മാവിന്റെ ആലയമാണ്. പരിശുദ്ധാത്മാവിനും ദുരാത്മാക്കൾക്കും ഒരിക്കലും ചേർന്ന് വരാൻ കഴിയില്ല (2 കോരി 6:15,16). പരിശുദ്ധാത്മാവിനെ എതിർക്കാനും ദുഃഖിപ്പിക്കാനും കെടുത്താനും കഴിയും. എന്നാൽ നാം പാപം ചെയ്യുമ്പോൾ അവൻ നമ്മെ ഉപേക്ഷിക്കുന്നില്ല. പഴയ ഉടമ്പടിയുടെ കീഴിലും, ദാവീദ് തന്റെ പാപത്തിന് ശേഷം പരിശുദ്ധാത്മാവിനെ തിരികെ ലഭിക്കാൻ പ്രാർത്ഥിച്ചില്ല. പകരം, പരിശുദ്ധാത്മാവിനെ തന്നിൽ നിന്ന് എടുക്കരുതെന്ന് അവൻ ദൈവത്തോട് അപേക്ഷിച്ചു (സങ്കീർത്തനം 51:11).

എഫെസ്യർ 6:10-18 പോലുള്ള ഭാഗങ്ങൾ വിശ്വാസികൾ സമ്പൂർണ സായുധരായിരിക്കേണ്ടതിന്റെ ആവശ്യകതയെ ഊന്നിപ്പറയുന്നു, ശത്രുവിനെ പ്രതിരോധിക്കാൻ സദാ നാം ജാഗരൂകരായിരിക്കണം. ആത്മാവിന്റെയും തിരുവെഴുത്തുകളുടെയും പൂർണത ഭൂതബാധയ്‌ക്കെതിരായ ഇൻഷുറൻസാണ്. വിശ്വാസികൾ പിന്മാറ്റത്തിൽ ആകുകയും, മറ്റു വിശ്വാസികളുമായുള്ള കൂട്ടായ്മ തകർക്കുകയും, പാപകരവും ഗൂഡവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയും, തിരുവെഴുത്തുകളുടെയും ആത്മാവിന്റെയും ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾക്ക് ചെവികൊടുക്കാതെയും ചെയ്യുമ്പോൾ, അവർ സ്വമേധയാ അപകടമേഖലയിലേക്ക് നടക്കുന്നു.

ഒരു വിശ്വാസിക്ക് ഭൂതബാധയുണ്ടാകുമോ? ഇല്ല, പക്ഷേ ജാഗ്രത പാലിക്കുക!

✍️ പാസ്റ്റർ വെസ്ലി ജോസഫ്

You might also like