രോഗശാന്തി നീങ്ങിപ്പോയോ?
യേശു പോയിടത്തെല്ലാം സുവിശേഷം പ്രസംഗിക്കുകയും രോഗികളെ സൗഖ്യമാക്കുകയും ചെയ്തു (മത്തായി 9:35). അവന്റെ ശുശ്രൂഷയിൽ അത്ഭുതങ്ങൾ തികച്ചും സാധാരണമായിരുന്നു. ആളുകൾ അവന്റെ അടുക്കൽ വന്നത് “അവന്റെ വചനം കേൾപ്പാനും രോഗശാന്തി കിട്ടുവാനും.” വേണ്ടി ആയിരുന്നു(ലൂക്കാ 6:17). രോഗശാന്തിയുടെ അത്ഭുതങ്ങൾ അവന്റെ മിശിഹൈക ശുശ്രൂഷയുടെ സാക്ഷ്യപ്പെടുത്തുന്ന അടയാളങ്ങളായിരുന്നു (മത്തായി 11:2-5).
സുവിശേഷം പ്രസംഗിക്കാൻ പന്ത്രണ്ടുപേരെ തിരഞ്ഞെടുത്ത് ചുമതലപ്പെടുത്തിയപ്പോൾ, “രോഗികളെ സൗഖ്യമാക്കുവാൻ” അവൻ അവരോട് വ്യക്തമായി കൽപ്പിച്ചു (മത്തായി 10:7,8). സഭയ്ക്കുള്ള മഹത്തായ നിയോഗത്തിൽ, രോഗശാന്തി ശുശ്രൂഷ ഉൾപ്പെടുത്തിയിട്ടുണ്ട് (മർക്കോസ് 16:15-18). പരിശുദ്ധാത്മാവ് നൽകുന്ന “രോഗാശാന്തിയുടെ വരങ്ങൾ” ഇന്ന് ഭൂമിയിൽ ക്രിസ്തുവിന്റെ രോഗശാന്തി ശുശ്രൂഷ തുടരാനാണ്.
എന്നാൽ, ‘രോഗശാന്തി ക്രൂസൈഡുകൾ’ പിന്തുടരുന്ന ആധുനിക രീതികൾ, വിവേകികളായ വിശ്വാസികളും നേതാക്കളും അവജ്ഞയോടെ തള്ളിക്കളയുന്നു. എന്നാൽ ദുരുപയോഗത്തിനോ ദുർവിനിയോഗത്തിനോ ഉള്ള പ്രതിവിധി ഉപയോഗിക്കാതിരിക്കുന്നതല്ല – ശരിയായ ഉപയോഗമാണ്!
പല രോഗശാന്തി ശുശ്രൂഷകളും ദൈവനാമത്തിന് മഹത്വത്തേക്കാൾ കൂടുതൽ അപമാനം വരുത്തുന്ന ചില മേഖലകൾ ഞാൻ എടുത്തുകാട്ടട്ടെ. സുവിശേഷകൻ ആകർഷണ കേന്ദ്രമായി മാറുന്നു, വീരാരാധന സാധാരണമാണ്. സുവിശേഷത്തിന്റെ പ്രാധാന്യം ഗ്രഹിക്കാതെ ആത്മരക്ഷയിൽ നിന്ന് ശരീരത്തിന്റെ സൗഖ്യത്തിലേക്ക് ലക്ഷ്യം മാറുന്നു. തിരുവെഴുത്തുകളുടെ വെളിച്ചത്തിൽ വളരെ സംശയാസ്പദമായ ചില പ്രസ്താവനകൾ സുവിശേഷകർ നടത്തുന്നു. ഉദാഹരണത്തിന്, “ഇന്ന് ഇടുപ്പിന് താഴെയും നാളെ ഇടുപ്പിന് മുകളിലുമുള്ള അസുഖങ്ങളുള്ള ആളുകളെ ദൈവം സുഖപ്പെടുത്താൻ പോകുന്നു!” രോഗശാന്തി സെഷനുകളിൽ ഛായാഗ്രഹണ സാങ്കേതികത വേണ്ടുവോളം ഉണ്ട്. മാസികകളിലും ആനുകാലികങ്ങളിലും അതിശയോക്തി കലർന്ന റിപ്പോർട്ടുകൾ സാധാരണമാണ്. പ്രൊഫഷണലായുള്ള ധനശേഖരവും ഇതിനോട് ഇഴചേർത്ത് വച്ചിരിക്കുന്നു. പ്രത്യേക വഴിപാടുകൾക്ക് പ്രത്യേക പ്രാർത്ഥനകൾ വാഗ്ദാനം ചെയ്യപ്പെടുന്നു. ഇത്തരക്കാർക്ക് സാമ്പത്തിക ഉത്തരവാദിത്തം സാധാരണയായി ഇല്ല. പ്രദർശന വൈദ്ഗധ്യം അതിന്റെ ഏറ്റവും ഉയർന്ന നിലയിലാണ്. ഇത്തരം കാര്യങ്ങൾ യേശുവിന്റെ പഠിപ്പിക്കലുകൾക്ക് വിരുദ്ധമാണ്!
വിശ്വാസികൾക്കായുള്ള രോഗശാന്തി ശുശ്രൂഷ പ്രാഥമികമായി പ്രാദേശിക സഭയുടെ പശ്ചാത്തലത്തിൽ പ്രവർത്തിക്കണം (Js 5:14). രോഗശാന്തി വരങ്ങളുള്ള സുവിശേഷകർ സ്വതന്ത്രരായിരിക്കരുത്(freelancers), സുരക്ഷയ്ക്കും ഉത്തരവാദിത്തത്തിനും വേണ്ടി സഭയുടെ മറ്റ് നേതാക്കളുമായി അടുത്ത ബന്ധം പുലർത്തണം (പ്രവൃത്തികൾ 8:12-20) … അപ്പോൾ അത്തരം എല്ലാ ശുശ്രൂഷകളുടെയും ഫലം സഭാ സ്ഥാപനവും സഭാ വളർച്ചയുമായിരിക്കും, അല്ലാതെ വ്യക്തിഗത സാമ്രാജ്യങ്ങൾ കെട്ടിപ്പടുക്കൽ ആയിരിക്കയില്ല !
✍️പാസ്റ്റർ വെസ്‌ലി ജോസഫ്