മണിപ്പൂരിൽ വീണ്ടും സംഘർഷം; ഇരുവിഭാഗങ്ങൾ തമ്മിൽ വെടിവെപ്പ്
ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം.വ്യാഴാഴ്ച പുലർച്ചെ ചുരചന്ദ് പൂരിലാണ് ഇരുവിഭാഗങ്ങളും തമ്മിൽ വെടിവെപ്പുണ്ടായത്. സംഭവത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്തെ പ്രശ്നപരിഹാരത്തിനായി കേന്ദ്രം രംഗത്തെത്തിയിരുന്നു. കലാപം പൂർണ തോതിൽ ഇനിയും അവസാനിപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലാണ് സർക്കാരിന്റെ നീക്കം. രഹസ്യാന്വേഷണ വിഭാഗവുമായി ചേർന്നാണ് സർക്കാരിന്റെ സമാധാനം പുനഃസ്ഥാപിക്കാനുള്ള നീക്കങ്ങളെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. കുക്കി, മെയ്തി വിഭാഗങ്ങളുമായി രഹസ്യാനേഷ്വണ വിഭാഗം ചർച്ച തുടങ്ങിയതായി റിപ്പോർട്ടുകൾ. മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെയടക്കം ചർച്ചയ്ക്കായി നിയോഗിച്ചതെന്നും സൂചനയുണ്ട്.
വടക്കു- കിഴക്കൻ സംസ്ഥാനക്കാരായ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ അഡീഷണൽ ഡയറക്ടറുടെ നേതൃത്വത്തിൽ കുക്കി വിഭാഗവുമായി ഇന്നലെ ചർച്ച നടത്തി. നിലവിലെ ഇന്റലിജന്റ്സ് ഉദ്യോഗസ്ഥരിൽ ചിലർ മെയ്തി വിഭാഗവുമായി ചർച്ച നടത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാട് ഉദ്യോഗസ്ഥർ ഇരു വിഭാഗത്തേയും അറിയിച്ചതായും സൂചനകളുണ്ട്.