വിമാന യാത്രയ്ക്കിടെ 62 വയസുകാരൻ രക്തം ഛർദിച്ചു; എമർജൻസി ലാൻഡിങ് നടത്തിയിട്ടും ജീവൻ രക്ഷിക്കാനായില്ല
നാഗ്പൂർ: 62 വയസുകാരൻ വിമാന യാത്രയ്ക്കിടെ രക്തം ഛർദിച്ച് മരിച്ചു. യാത്രക്കാരന്റെ ആരോഗ്യസ്ഥിതി അപകടകരമായ നിലയിലായതിനെ തുടർന്ന് വിമാനം തൊട്ടടുത്ത വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയെങ്കിലും യാത്രക്കാരന്റെ ജീവൻ രക്ഷിക്കാനായില്ല. മുംബൈയിൽ നിന്ന് റാഞ്ചിയിലേക്കുള്ള ഇന്റിഗോ വിമാനത്തിൽ കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
യാത്രക്കാരന് ക്ഷയ രോഗവും ഗുരുതരമായ വൃക്ക രോഗവും ഉണ്ടായിരുന്നതായി ആശുപത്രി അധികൃതർ പറയുന്നു. യാത്രയ്കത്ക്കിടെ ഇയാൾ രക്തം ഛർദിച്ചതോടെ നാഗ്പൂർ വിമാനത്താവളത്തിലായിരുന്നു എമർജൻസി ലാൻഡിങ്. നേരത്തെ വിവരമറിയിച്ചത് അനുസരിച്ച് മെഡിക്കൽ സംഘം വിമാനത്താവളത്തിൽ കാത്തിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിമാനത്തിൽ വെച്ച് വലിയ അളവിൽ രക്തം ഛർദിച്ചു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. പിന്നീട് തുടർ നടപടികൾക്കായി മൃതദേഹം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. രണ്ടാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് നാഗ്പൂർ വിമാനത്താവളത്തിൽ ഇത്തരത്തിലുള്ള സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞയാഴ്ച ഇന്റിഗോ എയർലൈൻസിൽ പൈലറ്റായിരുന്ന 40 വയസുകാരൻ വിമാനത്താവളത്തിലെ സെക്യൂരിറ്റി ഹോൾഡ് ഏരിയയിൽ വെച്ച് മരണപ്പെട്ടിരുന്നു.