ലോകസമാധാനത്തിനായി യൂറോപ്യൻ യുവജന സംഗമം
ഉക്രൈനിൽനിന്നുൾപ്പെടെ യൂറോപ്പിലെ 13 രാജ്യങ്ങളിൽനിന്നുള്ള ഹൈസ്കൂൾ, യൂണിവേഴ്സിറ്റി വിദ്യാർത്ഥികളായ ആയിരം യുവജനങ്ങൾ സമാധാനഹ്വാനവുമായി ഇറ്റലിയിലെ പാദുവയിലും വെനീസിലുമായി സമ്മേളനം നടത്തും. സാന്തെജീദിയോ സമൂഹവുമായി ബന്ധപ്പെട്ട “സമാധാനത്തിനായി യുവജനങ്ങൾ” എന്ന പ്രസ്ഥാനത്തിലെ അംഗങ്ങളാണ് ഓഗസ്റ്റ് 25 മുതൽ 27 വരെ തീയതികളിൽ ഇറ്റലിയിൽ ഒരുമിച്ചുചേർന്നത്.
ഉക്രൈനിലെ റഷ്യൻ അധിനിവേശവുമായി ബന്ധപ്പെട്ട യുദ്ധം നടക്കുന്ന അവസരത്തിലാണ് സമാധാനത്തിനായി ഈ യൂറോപ്യൻ സംഗമം നടക്കുന്നത്. ഉക്രൈനിൽനിന്നുള്ള അഭയാർഥികളുടെ കൂടി പിന്തുണയോടെ, ഭക്ഷണവിതരണം, ചികിത്സാസൗകര്യങ്ങൾ, കുട്ടികൾക്കും കൗമാരക്കാർക്കുമായി വിദ്യാഭ്യാസസൗകര്യങ്ങൾ എന്നിവ ഒരുക്കുന്ന സാന്തെജീദിയോ സമൂഹമാണ് സമാധാനം പ്രോത്സാഹിപ്പിക്കാനായി യുവജനങ്ങളെ ഒരുമിച്ചു കൂട്ടുന്നത്.
ഉക്രൈനിലെ കിയെവ്, ലിവ്, ഇവാനോ-ഫ്രാങ്കിവ്സ്ക് എന്നീ നഗരങ്ങളിൽനിന്നുള്ള പെൺകുട്ടികളും ആൺകുട്ടികളും അടങ്ങുന്ന എഴുപതംഗസംഘവും ഈ പരിപാടികളിൽ പങ്കെടുക്കും. ഐക്യദാർഢ്യത്തിന്റെയും യൂറോപ്യൻ ഏകീകരണത്തിന്റെയും സംസ്കാരം വളർത്തുക എന്ന ഉദ്ദേശത്തോടെ സമാധാനമെന്ന ആശയത്തിൽ അധിഷ്ഠിതമായ ഈ സമ്മേളനത്തിൽ പക്ഷെ, പരിസ്ഥിതി, കുടിയേറ്റം, ദാരിദ്ര്യം തുടങ്ങിയ വിശ്വസങ്ങളും ചർച്ച ചെയ്യപ്പെടും.
ഇറ്റലിയുടെ മുൻ വിദേശകാര്യസഹമന്ത്രി മാരിയോ ജീറോയാണ് വെള്ളിയാഴ്ച നടക്കുന്ന കോൺഫറൻസ് ഉദ്‌ഘാടനം ചെയ്യുക. ഇറ്റാലിയൻ മെത്രാൻസമിതി അധ്യക്ഷൻ കർദ്ദിനാൾ മത്തെയോ സൂപ്പിയുടെ അധ്യക്ഷതയിൽ നടക്കുന്ന, സമാധാനത്തിനായുള്ള പ്രാർത്ഥനാസഹായ്ഹ്നസമ്മേളനത്തോടെയായിരിക്കും ഈ ദിനത്തിലെ ചടങ്ങുകൾ അവസാനിക്കുക. ശനിയാഴ്ച രാവിലെ, സാന്തെജീദിയോ സമൂഹത്തിന്റെ പ്രസിഡന്റ് മാർക്കോ ഇമ്പല്ല്യാസോയ്‌ക്കൊപ്പം “എല്ലാം മാറിയേക്കാം” എന്ന പേരിൽ നടക്കുന്ന മീറ്റിങ് ഉണ്ടായിരിക്കും. ഞായറാഴ്ച ഉച്ചകഴിഞ്ഞ് വെനീസിലെ സെന്റ് മാർക്ക് ചത്വരത്തിൽ വച്ച് നടക്കുന്ന സമാധാനത്തിനായുള്ള ഫ്ലാഷ് മോബോടെ യോഗം സമാപിക്കും.