ചന്ദ്രയാൻ 3 : വിജയ ദൌത്യത്തിൽ പങ്കെടുത്തതിൽ റ്റി. പി. എം തിരുവനന്തപുരം സഭാംഗം ഡോ. നിസി മാത്യുവും

0

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ പ്രയാണം തുടങ്ങിയ പ്രഗ്യാൻ റോവർ ഇനി ബഹിരാകാശരംഗത്തിനു പുതുവെളിച്ചം പകരും. ബഹിരാകാശമേഖലയിൽ ഇന്ത്യയുടെ ഭാവിദൗത്യങ്ങൾക്ക് ആത്മവിശ്വാസത്തിന്റെ ഇന്ധനം പകരുകയാണു ചന്ദ്രയാൻ – 3. ഈ വിജയത്തിൽ ഭാഗവാക്കാകാൻ  റ്റി. പി. എം തിരുവനന്തപുരം സഭാംഗം ഡോ. നിസി മാത്യുവും ഉണ്ടായിരുന്നു.

ഏതൊരു ഇന്ത്യൻ പൗരനും അഭിമാനം തോന്നുന്ന നിമിഷത്തിൽ, ദൈവവിശ്വാസിയായ എനിക്കു ചന്ദ്രയാൻ മൂന്നിന്റെ ഭാഗമായതിൽ തികഞ്ഞ അഭിമാനമുണ്ട്. മാത്രമല്ല, ഇന്നയോളം നടത്തിയ ദൈവത്തിന്റെ മാറ്റമില്ലാത്ത കൃപ തന്നെയാണ് ഇതിലേക്കും എന്നെ നയിച്ചത്. അതിന്റെ നിയന്ത്രണം നിർവഹിക്കുന്ന ഗ്രൂപ്പിന്റെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ എന്ന ചുമതയാണ് എനിക്കുണ്ടായിരുന്നത്.

ക്രിസ്തുവിൽ അടിയുറച്ച വിശ്വാസത്തിൽ നിലനിന്ന കുടുംബത്തിലാണു ജനിച്ചത്. എന്റെ വല്യപ്പച്ചനും, മാതാപിതാക്കളും, അമ്മയുടെ സഹോദരിമാരും ശക്തമായ വിശ്വാസം എന്നിലേക്കും പകർന്നു. പുനലൂരിനടുത്ത് പിറവന്തൂരിലായിരുന്നു എന്റെ ജനനം. അവിടെ ദി  പെന്തെക്കോസ്തു മിഷൻ സഭാ വിശ്വാസികളായിരുന്നു മാതാപിതാക്കൾ. അവിടത്തെ സണ്ടേസ്‌കൂൾ എന്റെ ആത്മീയ ജീവിതത്തിന് അടിത്തറ പാകി. അവിടുത്തെ ശുശ്രൂഷകർ, അധ്യാപകർ, സഹവിദ്യാർഥികൾ, വിശ്വാസസമൂഹം എല്ലാം എന്റെ ആത്മീയ ജീവിതത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. അവരുടെയെല്ലാം കരുതൽ, സ്‌നേഹം, വചനപഠനം എന്നിവയെല്ലാം എനിക്കു ഗുണകരമായി.

 

പിറവത്തൂർ വാഴത്തോപ്പ് മുളവേലിൽ അധ്യാപക ദമ്പതികളായിരുന്ന തോമസ് മത്തായിയുടെയും ജോയമ്മയുടെയും മൂന്നു മക്കളിൽ രണ്ടാമത്തെ മകളാണ്. മൂത്ത സഹോദരി പെസ്സി ന്യൂസിലൻഡിലും ഇളയ സഹോദരൻ നേവിയിൽ സേവനം ചെയ്തിരുന്ന റ്റോംസ് മാത്യു ഇപ്പോൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലാണ്.

പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളേജിൽ പ്രീഡിഗ്രിയും ബിഎസ്‌സിയും കോട്ടയം സിഎംഎസ് കോളേജിൽ എംഎസ്‌സിയും പഠിച്ചു. ഫിസിക്‌സായിരുന്നു വിഷയം. ജർമനിയിലെ ബ്രീമൻ യൂണിവേഴ്‌സിറ്റിയിൽനിന്നു ഡോക്ടറേറ്റ് കരസ്ഥമാക്കി. 2011ൽ തിരുവനന്തപുരം വിഎസ്എസ്‌സിയിൽ സയന്റിസ്റ്റായി. അടൂർ  ഇടത്തുണ്ടിൽ കുടുംബാഗമായ റംസി തരകനാണു ഭർത്താവ്.  ലീഡർ എച്ച്ആർ റിസോഴ്‌സ് എന്ന സോഫ്റ്റ്‌വെയർ അമേരിക്കൻ കമ്പനിയുടെ ഇന്ത്യയിലെ ഡയറക്ടറായ  റംസി സുവിശേഷ പ്രവർത്തനത്തിൽ അതീവ തൽപരനാണ്. തിരുവനന്തപുരം ഉള്ളൂരിലാണു സ്ഥിരതാമസം. മക്കൾ: ബി.ടെക് വിദ്യാർഥി ജോർജ്, പ്ലസ് വൺ വിദ്യാർഥിനി  ഗ്രേസ്, ഏഴാം ക്ലാസ് വിദ്യാർഥി ജോഷ്വാ.

You might also like