ന്യൂനപക്ഷ പദ്ധതികൾ എല്ലാവർക്കും ലഭ്യമാക്കണം: പ്രധാനമന്ത്രിയുടെ മുന്നിൽ വിഷയം അവതരിപ്പിച്ച് കർദ്ദിനാളുമാർ
ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾക്കുള്ള സഹായപദ്ധതികൾ അർഹരായ എല്ലാ വിഭാഗങ്ങൾക്കും ന്യായമായി ലഭ്യമാകുന്നുവെന്ന് ഉറപ്പുവരുത്തണമെന്നു കർദ്ദിനാൾമാരായ സിബിസിഐ പ്രസിഡന്റ് ഡോ. ഓസ്വാൾഡ് ഗ്രേഷ്യസ്, കെസിബിസി പ്രസിഡന്റ് മാർ ജോർജ് ആലഞ്ചേരി, സിബിസിഐ മുൻ പ്രസിഡന്റ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ എന്നിവർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നലെ ഡൽഹിയിൽ നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. സർക്കാർ സഹായങ്ങൾ നൽകുന്നതിൽ ജാതി, മത പരിഗണനകളേക്കാളേറെ സാന്പത്തിക മാനദണ്ഡം ഉണ്ടാകണമെന്നും ന്യൂനപക്ഷങ്ങൾക്കായുള്ള സഹായ പദ്ധതികൾ, സ്‌കോളർഷിപ്പുകൾ തുടങ്ങിയവ അടക്കമുള്ള ആനുകൂല്യങ്ങളുടെ വിതരണം നീതിപൂർവമാണെന്ന് ഉറപ്പാക്കണമെന്നും ന്യൂനപക്ഷങ്ങൾക്കുള്ള ആനുകൂല്യങ്ങളിൽ ആനുപാതികമായി എല്ലാ വിഭാഗങ്ങൾക്കും ലഭ്യമാക്കുകയെന്നത് പ്രധാനമാണെന്നും കർദ്ദിനാൾമാർ പ്രധാനമന്ത്രിയുടെ മുന്നിൽ ആവശ്യമുന്നയിച്ചു.
സർക്കാർ ഫണ്ടുകളുടെ വിതരണത്തിൽ ഓരോ സമുദായത്തിനും അർഹമായതു കിട്ടണം. ക്രൈസ്തവർക്കും അർഹതപ്പെട്ടതു ലഭ്യമാകണം. കേരളത്തിൽ ഇക്കാര്യത്തിൽ കൂടുതൽ ചെയ്യേണ്ടതുണ്ട്. എന്നാൽ ഇതിന്റെ പേരിൽ മതസൗഹാർദം തകർക്കപ്പെടരുത്. സാന്പത്തിക സംവരണം എന്നതിനേക്കാളേറെ സാന്പത്തിക സഹായങ്ങൾക്കുള്ള മാനദണ്ഡം സാന്പത്തികമാകണം. മതം അല്ല സംവരണത്തിനുള്ള അർഹത. മറിച്ച് പാവപ്പെട്ടവരിലെ പാവപ്പെട്ടവർക്കാകണം കിട്ടേണ്ടതെന്ന് മാർ ആലഞ്ചേരിയും മാർ ക്ലീമിസും പറഞ്ഞു. തത്വത്തിൽ ഇതിനോട് യോജിക്കുന്നുവെന്നു പ്രധാനമന്ത്രി വ്യക്തമാക്കിയതായി കർദ്ദിനാൾമാർ അറിയിച്ചു.
പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ രാഷ്ട്രീയം വന്നതേയില്ല. അദ്ദേഹവും തങ്ങളും രാഷ്ട്രീയം പറഞ്ഞില്ല. വളരെ തുറന്ന മനോഭാവമായിരുന്നു പ്രധാനമന്ത്രിയുടേത്. സംവാദങ്ങളുടെ ആളാണ് മോദി. സഭയ്ക്കും കക്ഷിരാഷ്ട്രീയമില്ല. ഒരു പാർട്ടിയോടും തൊട്ടുകൂടായ്മയുടെ പ്രശ്‌നവുമില്ല. എല്ലാവരെയും ഉൾക്കൊള്ളുകയെന്നതാണ് ക്രൈസ്തവമൂല്യം. സഭയുടെ ആവശ്യങ്ങൾ മനസിലാക്കി അവ നടപ്പാക്കാൻ ശ്രമിക്കുന്നവരോട് വിശ്വാസികൾക്ക് ആഭിമുഖ്യമുണ്ടാകും. സ്വതന്ത്രമായി രാഷ്ട്രീയ തീരുമാനങ്ങളെടുക്കാൻ പ്രാപ്തിയുള്ളവരാണ് കത്തോലിക്കർ. കേരളത്തിൽ ഏതെങ്കിലുമൊരു മുന്നണിയോടോ പാർട്ടിയോടോ പ്രത്യേക മമതയോ അകൽച്ചയോ ഇല്ലെന്നു മാർ ആലഞ്ചേരി പറഞ്ഞു. എല്ലാ സമുദായങ്ങളുടെയും വോട്ടു നേടാൻ രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കാറുണ്ട്. അതിൽ തെറ്റില്ല. ആർക്കു വോട്ടു ചെയ്യണമെന്ന് വ്യക്തികൾ തീരുമാനിക്കും. എല്ലാവരെയും സൗഹാർദപരമായാണു സ്വീകരിക്കുക. കർദ്ദിനാളുമാർ വ്യക്തമാക്കി.