ഒരുമിച്ച് പ്രാർത്ഥിച്ചും പ്രവർത്തിച്ചും വിശ്വാസമാർഗ്ഗത്തിൽ മുന്നേറുക: ഫ്രാൻസിസ് പാപ്പാ
എക്യൂമെനിക്കൽ ചർച്ചകളും പഠനസമ്മേളനങ്ങളും മുന്നോട്ട് പോകുമ്പോൾ, പ്രത്യാശയോടെ ഒരുമിച്ച് വിശ്വാസമാർഗ്ഗത്തിൽ സഞ്ചരിക്കാനും, പ്രാർത്ഥിക്കാനും പ്രവർത്തിക്കാനും നാം തയ്യാറാകണമെന്ന് ഫ്രാൻസിസ് പാപ്പാ. വിശുദ്ധ പൗലോസിന്റെ എക്യൂമെനിക്കൽ ചിന്തകളെ ആധാരമാക്കി, റോമിലെ വിശുദ്ധ പൗലോസിന്റെ ബസലിക്കയിൽ, സെപ്റ്റംബർ 14, വ്യാഴാഴ്ച, ഇരുപത്തിയാറാമത് ചർച്ചാസമ്മേളനത്തിനായി ഒരുമിച്ചു ചേർന്നവരെ വത്തിക്കാനിൽ സ്വീകരിച്ച് സംസാരിക്കവെയാണ് വിശുദ്ധ പൗലോസിന്റെ വാക്കുകൾ ഐക്യത്തിലേക്ക് ഏവരെയും നയിക്കണമെന്ന് പാപ്പാ ഓർമ്മിപ്പിച്ചത്.
രണ്ടാം വത്തിക്കാൻ കൗൺസിൽ നടന്നതിന് ശേഷം, വിവിധ രാജ്യങ്ങളിൽനിന്നും വ്യത്യസ്ത ക്രൈസ്തവപരമ്പര്യങ്ങളുള്ള ആളുകൾ ചേർന്ന് ആരംഭിച്ച ഈ ചർച്ചകൾ, ജനതകളുടെ അപ്പസ്തോലൻ എന്നാണറിയപ്പെടുന്ന വിശുദ്ധ പൗലോസിന്റെ ലേഖനങ്ങളെക്കുറിച്ചുള്ള വിശുദ്ധഗ്രന്ഥപരവും ആധ്യാത്മികവുമായ അറിവുകൾ വളർത്താൻ സഹായിച്ചിട്ടുണ്ടെന്ന് പാപ്പാ പറഞ്ഞു. വിവിധ ക്രൈസ്തവസമൂഹങ്ങളിൽ നിന്ന് വരുന്ന നിങ്ങൾ, നിങ്ങളുടെ സ്വന്തം സംസ്കാരങ്ങളും, വിശ്വാസജീവിതവും ഇവിടെ പങ്കുവയ്ക്കുന്നുണ്ടെന്നത് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വർദ്ധിപ്പിക്കുന്നുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു.