വത്തിക്കാ൯ ഫാർമസി സ്ഥാപനത്തിന്റെ 150 ആം വർഷം: ജീവനക്കാരുമായി പാപ്പാ കൂടിക്കാഴ്ച നടത്തി

0

അവർക്ക് നൽകിയ സന്ദേശത്തിൽ ഫാർമസി സ്ഥാപനത്തിനു പിന്നിലെ ചരിത്ര മുഹൂർത്തങ്ങൾ അയവിറക്കിയ പാപ്പാ സാൻ ജൊവാന്നി ദി ദിയോ സന്യാസ സമൂഹത്തിനും ഫാർമസിയുമായി സഹകരിക്കുന്ന എല്ലാവർക്കും ജോലിക്കാർക്കും പ്രത്യേകം നന്ദിയർപ്പിച്ചു.

ആശ്രമത്തോടു ചേർന്നുള്ള ഫാർമസിയുടെ പ്രാധാന്യം നന്നായി മനസ്സിലാക്കിയിരുന്ന ഗ്രിഗറി പതിനാറാമൻ പാപ്പായുടെ ഒരു സ്വപ്ന സാക്ഷാൽക്കാരമായിരുന്നു വത്തിക്കാനിലെ ഫാർമസി. പിന്നീട് വാഴ്ത്തപ്പെട്ട ഒമ്പതാം പീയൂസ് പാപ്പായാണ് ദരിദ്രർക്കായുള്ള ആതുരശുശ്രൂഷാ രംഗത്ത് നീണ്ട കാലത്തെ പരിചയമുള്ള വിശുദ്ധ ജൊവാന്നി ദി ദിയോയുടെ സന്യാസസമൂഹത്തെ വത്തിക്കാനിൽ  ഈ സ്ഥാപനം തുടങ്ങാൻ ഏൽപ്പിച്ചതെന്നും പാപ്പാ ഓർമ്മിച്ചു. ആദ്യ ഫാർമസിസ്റ്റായ ബ്രദർ യൗസേബിയോ ഫ്രോമ്മെറെയും പിന്നീട് രണ്ടാം വത്തിക്കാൻ സൂനഹദോസിന്റെ കാലഘട്ടത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നു വന്ന മെത്രാന്മാർക്ക് മരുന്നുകളും മറ്റും നൽകി എല്ലാ അടിയന്തിര ഘട്ടങ്ങൾക്കും തയ്യാറായിക്കൊണ്ട് ഫാർമസിയും അതിലെ ഡോക്ടർമാരും ശുശ്രൂഷകരും നടത്തിയ സേവനവും പാപ്പാ മറന്നില്ല.

പിന്നീട് ഇന്നത്തെ ഫാർമസിയുടെ പ്രവർത്തനത്തെക്കുറിച്ച് സംസാരിക്കവെ ഈ ഫാർമസിയെ മറ്റു ഫാർമസികളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് പത്രോസിന്റെ പിൻഗാമിക്കും റോമൻ കൂരിയയ്ക്കും നേരിട്ടു ശുശ്രൂഷ നൽകുന്നതു കൊണ്ടല്ല മറിച്ച്  ഉപവിയുടെ ഒരു ചേരുവ അതിലുള്ളതുകൊണ്ടാണ് എന്ന് പാപ്പാ എടുത്തു പറഞ്ഞു. മരുന്നിന്റെ വിൽപ്പനയോടൊപ്പം അവരെ വ്യത്യാസപ്പെടുത്തുന്ന ദുർബ്ബലരായവരോടുള്ള കരുതലും രോഗികൾക്ക് നൽകുന്ന പരിചരണവുമാണ്. ഇത് വത്തിക്കാനിലെ ജോലിക്കാരോടും താമസക്കാരോടും മാത്രമല്ല പ്രത്യേകിച്ച് മറ്റിടങ്ങളിൽ ഒന്നും ലഭ്യമല്ലാത്ത മരുന്നുകൾ ആവശ്യപ്പെട്ടു വരുന്നവരോടും കാണിക്കുന്ന പരിഗണനയാണ്. ഇതിനെല്ലാത്തിനും ഫാത്തേ ബേനെ ഫ്രത്തേല്ലി സന്യാസ സമൂഹത്തോടും അൽമായരായ സഹകാരികളോടും  ഫാർമസിസ്റ്റുകളോടും ജോലിക്കാരോടും പാപ്പാ നന്ദി പറഞ്ഞു. അവരുടെ ജോലിയുടെ നൈപുണ്യത്തെയും, സമർപ്പണത്തേയും, ഏവരേയും സ്വാഗതം ചെയ്യുന്ന അവരുടെ മനോഭാവത്തെയും എടുത്തു പറഞ്ഞ പാപ്പാ കോവിഡ് കാലത്ത് അവർ കാണിച്ച  സേവനതല്പരതയ്ക്കും നന്ദി പറയാൻ മറന്നില്ല.

പൊതുവായി ഫാർമസിസ്റ്റുകളുടെ ജോലി അത്ര എളുപ്പമല്ല എന്ന് പറഞ്ഞ പാപ്പാ, അവരെ സമീപിക്കുന്ന പ്രത്യേകിച്ച് വൃദ്ധരായവർക്ക് ഇന്നത്തെ തിരക്കിന്റെ ജീവിതതാളത്തിനിടയിൽ മരുന്നു മാത്രമല്ല ആവശ്യമെന്നും അവരുടെ ശ്രദ്ധയും, ഒരു പുഞ്ചിരിയും ഒരു ആശ്വാസവാക്കും കൂടി വേണമെന്നും അവരുടെത് ഒരു തൊഴിലല്ല ഒരു പ്രേഷിത ദൗത്യമാണെന്നും പാപ്പാ ഓർമ്മിപ്പിച്ചു.

You might also like