ഗ്രഹാം സ്റ്റെയ്ൻസിനെയും മക്കളെയും ജീവനോടെ ചുട്ടുകൊന്നതിന് ഇന്നേക്ക് 22 വർഷം

0

മുംബൈ: ഓസ്‌ട്രേലിയൻ മിഷ്‌ണറി ഗ്രഹാം സ്റ്റെയ്ൻസിനേയും രണ്ടു മക്കളേയും ഒഡീഷയിലെ ഹിന്ദുത്വവാദികൾ ചുട്ടുക്കൊന്നിട്ടു ഇന്നേക്ക് 22 വർഷം. രാജ്യത്തെ ആകെ ജനസംഖ്യയുടെ രണ്ടര ശതമാനത്തിൽ താഴെ മാത്രം വരുന്ന ക്രൈസ്തവരുടെ മനസിലേക്ക് ഭീതിയുടെ തീക്കനൽ കോരിയിടുന്നതായിരുന്നു ഗ്രഹാം സ്‌റ്റെയിൻസിനേയും മക്കളേയും ചുട്ടുകൊന്നുവെന്ന വാർത്ത. 1999 ജനുവരി 23-ാം തീയതിയാണ് ആർഎസ്എസ് പ്രവർത്തകർ ഗ്രഹാം സ്റ്റെയ്ൻസിനേയും അദ്ദേഹത്തിന്റെ ഏഴും ഒൻപതും വയസുള്ള മക്കളായ ഫിലിപ്പിനേയും തിമൊത്തിയേയും അഗ്നിക്കിരയാക്കിയത്.
ഒഡീഷയിലെ കുഷ്ഠരോഗികൾക്കിടയിലേക്ക് ശുശ്രൂഷയുമായി എത്തിയ ഗ്രഹാം സ്‌റ്റെയിൻസിനെയും കുടുംബത്തെയും മതപരിവർത്തനം നടത്തുകയാണെന്ന് ആരോപിച്ചാണ് ഹൈന്ദവ തീവ്രവാദികൾ തിരിഞ്ഞത്. തീവ്രവാദികളുടെ ഉള്ളിലെ കടുത്ത പക നിഷ്‌കളങ്കരായ കുട്ടികളെ അടക്കം കൊലപ്പെടുത്തുന്നതിലേക്കു നയിച്ചു. ഗ്രഹാം സ്‌റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡീസും മകൾ എസ്ത്തറും മാത്രമാണ് കുടുംബത്തിൽ ജീവനോടെ ശേഷിച്ചത്. ഗ്രഹാം സ്റ്റെയിൻസിനെ കൊലപ്പെടുത്തിയ കേസിൽ ഒന്നാം പ്രതിയായ ധാര സിംഗിനെ മാത്രമാണ് കോടതി ശിക്ഷിച്ചത്. മറ്റ് 11 കൂട്ടുപ്രതികളെ കോടതി വെറുതെ വിട്ടു.

ഭർത്താവിന്റെയും മക്കളുടെയും ഹീനമായ കൊലപാതകത്തിന് സാക്ഷിയായ ഗ്രഹാം സ്റ്റെയിൻസിന്റെ ഭാര്യ ഗ്ലാഡീസ് 2006-ൽ ഭാരതത്തിലേക്ക് പിന്നീട് തിരിച്ചു വന്നു. തന്റെ ഭർത്താവ് തുടങ്ങിവച്ച കുഷ്ഠരോഗികളെ ശുശ്രൂഷിക്കുക എന്ന കർത്തവ്യം ഇന്നും അവർ ഈ രാജ്യത്ത് തുടരുന്നു. അതേസമയം ഗ്രഹാമിന്റെയും മക്കളുടെയും രക്തത്തിന്റെ പ്രതിഫലനമെന്നോണം നിരവധി പേരാണ് ഒഡീഷയിൽ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്. അത് ഇന്നും തുടരുകയാണ്.
ഗ്രഹാം സ്റ്റെയിൻസിന്റെ ജീവിതത്തിനെ ആസ്പദമാക്കി നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. 2017 ഏപ്രിൽ മാസം ‘വാർ പാത്ത് ബിയോണ്ട് ദ ലൈഫ്’ എന്ന ഇംഗ്ലീഷ് പേരിലറിയപ്പെടുന്ന ചിത്രം ഇംഗ്ലീഷ്, മലയാളം, ഹിന്ദി, തമിഴ് ഭാഷകളിൽ റിലീസ് ചെയ്യപ്പെട്ടിരുന്നു. ഇത് ആയിരങ്ങളുടെ ഹൃദയം കവർന്നിരിന്നു. ദ് ലീസ്റ്റ് ഓഫ് ദീസ് (ഇവരിൽ ഏറ്റവും ചെറിയവൻ) എന്ന പേരിൽ കഴിഞ്ഞ വർഷം മാർച്ചിൽ പുറത്തിറങ്ങിയ ചലച്ചിത്രം രാജ്യത്തെ 135 തീയറ്ററുകളിലാണ് പ്രദർശനത്തിനെത്തിച്ചത്. യുഎസിൽ ഹിറ്റായ ചലച്ചിത്രം സിനിമ വിതരണ കമ്പനിയായ പിവിആർ ആണ് ഇന്ത്യയിൽ എത്തിച്ചത്. മലയാളിയായ വിക്ടർ ഏബ്രഹാമാണ് ചിത്രം നിർമ്മിച്ചത്. വർഷം 22 പിന്നിട്ടിട്ടും ലോകത്തിന് മുന്നിലെ തീരാത്ത നൊമ്പരമാണ് ഗ്രഹാം സ്റ്റെയിനും കുടുംബവും.

You might also like