യു.എ.ഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ ഇനി ഒരാഴ്ച മാത്രം
ദുബൈ: യു.എ.ഇയിൽ തൊഴിൽ നഷ്ട ഇൻഷുറൻസ് പദ്ധതിയിൽ ചേരാൻ വിസമ്മതിക്കരുതെന്ന് ജീവനക്കാരോട് അധികൃതർ. പദ്ധതിയിൽ ചേരാൻ ഇനി ഒരാഴ്ച മാത്രമാണ് ബാക്കിയുള്ളത്. ഒക്‌ടോബർ ഒന്നിനു ശേഷം പദ്ധതിയിൽ ചേരാത്തവരിൽ നിന്ന് 400 ദിർഹം പിഴ ഈടാക്കും.
ജോലി പോയാൽ മൂന്ന് മാസം വരെ അടിസ്ഥാന ശമ്പളത്തിന്റെ 60 ശതമാനം വരെ നൽകുന്ന പദ്ധതിയാണ് യു.എ.ഇയിലെ തൊഴിൽ നഷ്ട ഇൻഷൂറൻസ്. ഫെഡറൽ സർക്കാർ മേഖല, സ്വകാര്യമേഖല, ഫ്രീസോൺ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരെല്ലാം നിർബന്ധമായും ഈ പദ്ധതിയിൽ അംഗമാകണം എന്നാണ് നിർദേശം. നേരത്തെ ജൂൺ 30 വരെയായിരുന്നു പദ്ധതിയിൽ ചേരാൻ സമയം. പിന്നീട് ഫൈൻ ഈടാക്കുന്നതിന് ഒക്ടോബർ ഒന്ന് വരെ സാവകാശം അനുവദിച്ചു.