കാനഡക്കാര്‍ക്കുളള വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിക്കുന്നു
ഒട്ടാവ: കാനഡയുമായുളള ബന്ധം വഷളായതിനെ തുടര്‍ന്ന് നിര്‍ത്തിവച്ച വിസ സേവനങ്ങള്‍ ഇന്ത്യ പുനരാരംഭിക്കുന്നു. നിശ്ചിത വിഭാഗങ്ങളിലെ വിസ സേവനങ്ങളാണ് പുനരാരംഭിക്കുന്നത്.
എന്‍ട്രി വിസ, ബിസിനസ് വിസ, മെഡിക്കല്‍ വിസ,കോണ്‍ഫറന്‍സ് വിസാ സേവനങ്ങളാണ് വ്യാഴാഴ്ച മുതല്‍ പുനരാരംഭിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ കനേഡിയന്‍ പൗരന്മാര്‍ക്കുള്ള വിസ സേവനങ്ങള്‍ സെപതംബര്‍ 21 ന് ഇന്ത്യ നിര്‍ത്തിവച്ചിരുന്നു. ഈ വര്‍ഷം ജൂണില്‍ ഖാലിസ്ഥാന്‍ ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന് കാനഡ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇരു രാജ്യങ്ങളും തമ്മിലുളള ബന്ധം വഷളായത്. പരസ്പരം നയതന്ത്രജ്ഞരെ പുറത്താക്കുകയും ചെയ്തു.
കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സുരക്ഷിതമായി ഓഫീസിലെത്താന്‍ നിര്‍വാഹമില്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ നേരത്തേ പറഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ കാനഡയില്‍ വിസ നല്‍കുന്നത് നിര്‍ത്തിവച്ചു.നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ പ്രധാനമാണെന്ന് പറഞ്ഞ മന്ത്രി വിസ താല്‍ക്കാലികമായി നിര്‍ത്തേണ്ട സാഹചര്യമാണെന്നും വെളിപ്പെടുത്തി.