രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ് ; വർദ്ധിച്ചത് 102 രൂപ

0

കൊച്ചി: രാജ്യത്ത് പാചകവാതക വിലയിൽ വീണ്ടും വർദ്ധനവ്. വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറുകളുടെ വിലയാണ് കൂട്ടിയത്. 19 കിലോ സിലിണ്ടറിന്റെ വില 102 രൂപയാണ് വ‌ർദ്ധിപ്പിച്ചിരിക്കുന്നത്. ഇതോടെ വാണിജ്യ സിലിണ്ടറിന്റെ പുതുക്കിയ വില 1842 രൂപയായി.

കുറച്ച് ദിവസങ്ങളായി രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ഉൾപ്പെടെ ഉയരുന്ന സാഹചര്യമാണ് ഉള്ളത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില 102 രൂപ കൂട്ടിയതെന്നാണ് വിവരം. ഹോട്ടൽ മേഖലയിലുള്ളവർക്ക് വില വർദ്ധനവ് കനത്ത ആഘാതമുണ്ടാക്കും.

അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിന് പിന്നാലെ, പാചക വാതക വില വീണ്ടും വർദ്ധിച്ചതോടെ അടുക്കള പൂട്ടേണ്ടിവരുമോ എന്ന ആശങ്കയിലാണ് ഹോട്ടലുടമകൾ. പാചകവാതക വില ഒരുനിയന്ത്രണമില്ലാതെ കുതിക്കുമ്പോൾ ആനുപാതികമായുള്ള ഭക്ഷണവില വർദ്ധന സാധാരണക്കാരുടെ കീശ കീറുമെന്ന് ഉറപ്പായി. ഇത് ഹോട്ടൽ മേഖലയെ പ്രതിസന്ധിയിലേക്ക് നയിക്കാനും ഇടയുണ്ട്. രണ്ടാഴ്ചകൾക്ക് മുൻപ് 160 രൂപ കുറച്ചതിന് പിന്നാലെയാണ് ഈ വർദ്ധനവ്.

അതേസമയം, ഗാ‌ർഹിക ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല. ഗാർഹികാവശ്യത്തിനുള്ള പാചക വാതക സിലിണ്ടറിനെ വിലവർദ്ധനയിൽ നിന്ന് ഒഴിവാക്കിയതും പ്രധാനമന്ത്രി ഉജ്ജ്വലയോജന (പി.എം.യു.വൈ) പദ്ധതിപ്രകാരം സബ്സിഡി അനുവദിച്ചതും സാധാരണക്കാർക്ക് വലിയ ആശ്വാസമാണ്.

You might also like