ഫലസ്തീനിലെ ഗാസയിൽ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രായിലിന് മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് സ്പാനിഷ് മന്ത്രി
മാഡ്രിഡ്- ഫലസ്തീനിലെ ഗാസയിൽ മനുഷ്യരെ കൊന്നൊടുക്കുന്ന ഇസ്രായിലിന് മേൽ ഉപരോധം ഏർപ്പെടുത്തണമെന്ന് സ്പാനിഷ് മന്ത്രി അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. അൽ ജസീറയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സ്പാനിഷ് സാമൂഹികാവകാശ മന്ത്രിയും തീവ്ര ഇടതുപക്ഷ പോഡെമോസ് പാർട്ടിയുടെ നേതാവുമായ അയോൺ ബെലാറ ഇക്കാര്യം ആവശ്യപ്പെട്ടത്. ഉക്രൈനിലെ മനുഷ്യാവകാശത്തെ പറ്റി സംസാരിക്കുന്നവർ ഫലസ്തീന്റെ കാര്യത്തിൽ മൗനം പാലിക്കുകയാണെന്നും ഇരകളെ കേൾക്കാനും കാണാനും തയ്യാറാകുന്നില്ലെന്നും അവർ ആരോപിച്ചു. ഫലസ്തീൻ ജനതയ്‌ക്കെതിരായ ഈ ആസൂത്രിത വംശഹത്യ ഇസ്രായേൽ ഭരണകൂടം അവസാനിപ്പിക്കണം. ഇസ്രായിലിൽ നടക്കുന്നത് ലോകം ഭീതിയോടെയാണ് വീക്ഷിക്കുന്നത്. ഇവിടെ നിശബ്ദത പാലിക്കുമ്പോൾ നമുക്ക് എങ്ങിനെയാണ് മറ്റു സംഘർഷങ്ങളിലെ മനുഷ്യാവകാശങ്ങളെ പറ്റി പറയാൻ സാധിക്കുക. ആയിരക്കണക്കിന് കുഞ്ഞുങ്ങളെയാണ് കൊല്ലുന്നത്. തങ്ങളുടെ കുഞ്ഞുങ്ങളെ കൊല്ലുന്നത് കണ്ടുനിൽക്കുന്ന അമ്മമാർ തീവ്രമായി നിലവിളിക്കുന്നു.