പാപ്പാ: വിദ്യാഭ്യാസത്തിൽ ആത്മീയതലത്തിന്റെ പ്രാധാന്യം അവഗണിക്കാനാവില്ല

0

കത്തോലിക്കാ ഉന്നത വിദ്യാഭ്യാസത്തിൽ സേവന പഠനം പ്രോൽസാഹിപ്പിക്കുന്ന യൂണിസെർവിറ്റേറ്റിന്റെ ആഗോള സിമ്പോസിയത്തിന് ഹൃദയംഗമമായ ആശംസകളും പ്രാസംഗീകർക്ക് നന്ദിയുമർപ്പിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ആരംഭിച്ചത്.

തങ്ങളുടെ ഗവേഷണങ്ങളുടെ പരിണാമങ്ങളും അനുഭവങ്ങളും പങ്കിടുവാൻ റെക്ടർമാരേയും, പ്രൊഫസർമാരേയും, സർവ്വകലാശാലാ വിദ്യാർത്ഥികളെയും ഒരുമിച്ചു കൊണ്ടുവരുന്ന സിമ്പോസിയത്തിന്റെ ലക്ഷ്യം സേവനത്തെക്കുറിച്ചുള്ള പഠനത്തിന്റെ ആശയം കൂടുതൽ ആഴത്തിൽ ആരായുകയാണ് എന്ന് സൂചിപ്പിച്ച പാപ്പാ ഇത് യുവതലമുറയിൽ മനസ്സിന്റെയും ഹൃദയത്തിന്റെയും കരങ്ങളുടേയും ഭാഷകൾ തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഗാഢമായ അവബോധം വളർത്തുമെന്ന പ്രത്യാശ പങ്കുവച്ചു.

അത്തരത്തിൽ അധ്യാപകർക്ക്, അവരെ ഭരമേൽപ്പിച്ചിരിക്കുന്നവർക്ക് വെറും വിവരങ്ങൾ കൈമാറ്റം ചെയ്യാൻ മാത്രമല്ല അവരുടെ രൂപീകരണത്തിൽ ഒരു പ്രധാന പങ്കുവഹിക്കാൻ കഴിയും. അവർക്ക് തോന്നുന്നതും ചെയ്യുന്നതും തമ്മിലുള്ള ഐക്യവും, ചിന്തിക്കുന്നതും ചെയ്യുന്നതും തമ്മിൽ ഒരുമയുമുള്ള വിദ്യാഭ്യാസത്തിലെ സമഗ്ര സമീപനം  മുഴുവൻ സമൂഹത്തിനും മെച്ചപ്പെട്ട ഭാവി കെട്ടിപ്പടുക്കുന്നതിൽ നേതാക്കളും നായകരുമാകുവാൻ യുവാക്കളെ സഹായിക്കും. അതിന്  വിവിധ വിദ്യാഭ്യാസ മേഖലകൾ ക്രിയാത്മകമായി ഒരുമിച്ച് വരേണ്ടതിന്റെ ആവശ്യകത പാപ്പാ ചൂണ്ടിക്കാണിച്ചു. അതേ സമയം തന്നെ വിദ്യാഭ്യാസത്തിൽ ആത്മീയതലത്തിന്റെ പ്രാധാന്യം അവഗണിക്കാനാവില്ലെന്നും പാപ്പാ അടിവരയിട്ടു. അതിനാൽ ഈ സിമ്പോസിയത്തിന്റെ പരിശ്രമങ്ങൾ  ഇതിൽ പങ്കെടുക്കുന്ന എല്ലാവർക്കും മിഷനറി ശിഷ്യരെന്ന നിലയിൽ പൊതു നന്മയെ സേവിക്കാൻ കൂടുതൽ ഉൽസാഹവും, പരിവർത്തനത്തിന് പ്രേരിപ്പിക്കുന്ന സുവിശേഷത്തിന്റെ സത്യവും, സൗന്ദര്യവും, സന്തോഷവും മനുഷ്യകുടുംബത്തിലെ സകലരിലും എത്തിക്കുവാനും അങ്ങനെ സാഹോദര്യ ഐക്യവും, നീതിയും, സമാധാനവുമാകുന്ന ദൈവരാജ്യത്തിലേക്കു മുന്നേറാനും ഇടയാക്കുമെന്നും പാപ്പാ പ്രത്യാശ പ്രകടിപ്പിച്ചു. സിമ്പോസിയം നല്ല ഫലങ്ങൾ നൽകട്ടെ എന്ന ആശംസയും ദൈവാനുഗ്രഹവും പ്രാർത്ഥിച്ചു കൊണ്ടാണ് പാപ്പാ തന്റെ സന്ദേശം ഉപസംഹരിച്ചത്.

You might also like