സഹിക്കുന്ന മനുഷ്യരിൽ യേശുവിനെ കണ്ട് ശുശ്രൂഷിക്കുക: ഫ്രാൻസിസ് പാപ്പാ
ക്രിസ്തുവിന്റെ കുരിശിൻചുവട്ടിൽ നിന്നിരുന്ന സ്ത്രീകൾ അനുഭവിച്ച ബലഹീനതയാണ് ഇന്നും അനേകം ക്രിസ്തുശിഷ്യർ അനുഭവിക്കുന്നതെന്ന് ഫ്രാൻസിസ് പാപ്പാ. അതെ വെല്ലുവിളിയും ബലഹീനതയുമാണ്, കുടിയേറ്റക്കാർ നേരിടുന്ന പ്രശ്നങ്ങളുടെ മുന്നിലും,ബഹുമുഖസംസ്കാരികതയ്ക്കും, സുവിശേഷപ്രഘോഷണത്തിന്റെ സങ്കീർണ്ണതയ്ക്കും മുന്നിലും ചില സിവിൽ, മത നേതൃത്വങ്ങളുടെ എടുക്കുന്ന അടഞ്ഞ മനോഭാവത്തിന് മുന്നിലും നാം നേരിടുകയും അനുഭവിക്കുകയും ചെയ്യുന്നതെന്ന് പാപ്പാ പറഞ്ഞു. തന്നെ കാണാനെത്തിയ, വടക്കേ അമേരിക്കയിൽ സേവനമനുഷ്ഠിക്കുന്ന, സ്പാനിഷ് ഭാഷക്കാരായ വൈദികരോട് വത്തിക്കാനിൽ വച്ച് നവംബർ പതിനാറിന് സംസാരിക്കവെയാണ് പാപ്പാ ഇങ്ങനെ പറഞ്ഞത്.
അടുത്ത വർഷം വടക്കേ അമേരിക്കയിൽ നടക്കുവാനിരിക്കുന്ന ദേശീയ ദിവ്യകാരുണ്യകോൺഗ്രസിന്റെ സമ്മേളനത്തിൽ വിശുദ്ധ മാനുവേൽ ഗോൺസാലസിനെയും വാഴ്ത്തപ്പെട്ട കാർലോ അക്കൂത്തിസിനെയും സ്വർഗീയ മധ്യസ്ഥരായി തിരഞ്ഞെടുത്തതിനെക്കുറിച്ച് പരാമർശിച്ച പാപ്പാ, വടക്കേ അമേരിക്കയിൽ സേവനം ചെയ്യുന്ന സ്പാനിഷ് ഭാഷക്കാരായ വൈദികർ തന്നോട് ചോദിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകവെയാണ്, വിശുദ്ധ മാനുവേൽ ഗോൺസാലസ് നടത്തിയ മതാധ്യാപനത്തിൽനിന്നുള്ള ചില സംഭവങ്ങൾ ഉദ്ധരിച്ചുകൊണ്ട്, ഇന്ന് മനുഷ്യർ അഭിമുഖീകരിക്കുന്ന സഹനങ്ങളുടെ മുന്നിൽ നാം സ്വീകരിക്കേണ്ട മനോഭാവത്തെക്കുറിച്ച് ഉദ്ബോധിപ്പിച്ചത്.
ലോകത്ത് സഹിക്കുന്ന മനുഷ്യരെക്കുറിച്ച് പഠിപ്പിച്ചുകൊണ്ട് വിശുദ്ധ മാനുവേൽ, യേശുവിന്റെ സഹനം അവസാനിക്കുന്നില്ല എന്നും, ഓരോ സക്രാരികളിൽനിന്നും കൂദാശ ചെയ്യപ്പെടുന്ന കാസാകളിൽനിന്നും, തന്റെ വേദന കുറയ്ക്കുവാനായി നിങ്ങൾക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കുമോയെന്ന യേശുവിന്റെ ചോദ്യം ഉയരുന്നുണ്ട് എന്ന് ഓർമ്മിപ്പിച്ചത് പാപ്പാ വൈദികരോട് ആവർത്തിച്ചു. സഹിക്കുന്ന ഓരോ സഹോദരീസഹോദരന്മാരിലും താൻ അനുഭവിക്കുന്ന വേദനകൾക്ക് ആശ്വാസമേകാൻ യേശു ഇന്നും ക്ഷണിക്കുന്നുണ്ടെന്ന് പാപ്പാ വിശദീകരിച്ചു. അവരെ ഒറ്റയ്ക്കാക്കരുതെന്നാണ് ദൈവം ആവശ്യപ്പെടുന്നത്. പീഡാസഹനങ്ങളെ തടയുവാനല്ല, മറിച്ച് അവയുടെ മധ്യത്തിലും, ദൈവത്തിന് മഹത്വമേകുവാനാണ് യേശു നമ്മോട് ആവശ്യപ്പെടുന്നത്.
