ബന്ദികളെ ഒളിപ്പിച്ചത് അല്‍ ഷിഫ ആശുപത്രിയിലെന്ന് നെതന്യാഹു; തുരങ്കം കണ്ടെത്തിയെന്ന് സേന

0

ഗാസ:ആയിരക്കണക്കിനു പലസ്തീൻകാര്‍ അഭയംപ്രാപിച്ച ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ അല്‍ ഷിഫ ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തതിനെ ന്യായീകരിച്ച്‌ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.

ബന്ദികളാക്കിയവരെ അല്‍ ഷിഫ ആശുപത്രിയിലാണു ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ‘ശക്തമായ സൂചന’ കിട്ടിയിരുന്നതായി നെതന്യാഹു പറഞ്ഞു.

”ഗാസയിലെ അല്‍ ഷിഫ ആശുപത്രിയിലാണു ബന്ദികളെ ഹമാസ് ഒളിപ്പിച്ചിരിക്കുന്നതെന്ന ശക്തമായ സൂചന ഞങ്ങള്‍ക്കു രഹസ്യാന്വേഷണ ഏജൻസികളില്‍നിന്നു കിട്ടിയിരുന്നു. അതുകൊണ്ടാണ് ആശുപത്രിയില്‍ ഞങ്ങളുടെ സൈന്യം പ്രവേശിച്ചത്. ഈയാഴ്ചയാദ്യം ഇസ്രയേല്‍ സേനയുടെ ഓപ്പറേഷനു പിന്നാലെ ഹമാസ് ഇവിടെനിന്നു മാറിയിരിക്കാം”- യുഎസ് മാധ്യമമായ സിബിഎസ് ഈവനിങ് ന്യൂസിനു നല്‍കിയ അഭിമുഖത്തില്‍ നെതന്യാഹു വ്യക്തമാക്കി.

ഹമാസിന്റെ ഒരു സുരക്ഷിത സ്ഥാനവും ഗാസയില്‍ ഇനിയില്ലെന്നും ഗാസ നഗരത്തിന്റെ ഉള്‍പ്രദേശങ്ങളിലേക്കു വരെ എത്തിയെന്നും കഴിഞ്ഞ ദിവസം നെതന്യാഹു പ്രതികരിച്ചിരുന്നു. വൈദ്യുതിയില്ലാത്തതിനാല്‍ അടിസ്ഥാന ഉപകരണങ്ങളുടെ വരെ പ്രവര്‍ത്തനം നിലച്ച ആശുപത്രിയില്‍ കുടുങ്ങിയ നൂറുകണക്കിനു രോഗികളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷ സംബന്ധിച്ച്‌ ആശങ്ക ഉയര്‍ന്നു. വൈദ്യസഹായം കിട്ടാതെ കുഞ്ഞുങ്ങള്‍ കൂട്ടത്തോടെ മരിക്കുകയാണ്.

You might also like