റോബിൻ ബസ് വീണ്ടും സർവീസ് തുടങ്ങി; 7500 രൂപ പിഴയിട്ട് എം.വി.ഡി

0

പത്തനംതിട്ട: മോട്ടോർ വാഹനവകുപ്പിന്റെ എതിർപ്പിനെ തുടർന്ന് സർവീസ് നിർത്തിവെച്ച റോബിൻ ബസ് വീണ്ടും ഓടിത്തുടങ്ങി. പത്തനംതിട്ടയിൽ നിന്നും ബസ് പുറപ്പെട്ടയുടൻ എം.വി.ഡി അധികൃതർ പെർമിറ്റ് ചട്ടങ്ങൾ ലംഘിച്ചുവെന്ന് ആരോപിച്ച് ബസിന് പിഴയിട്ടു. 7500 രൂപയാണ് ബസിന് എം.വി.ഡി പിഴ ചുമത്തിയത്. പരിശോധന തുടരുമെന്നും എം.വി.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.

ബസ് സ്റ്റാൻഡിൽ നിന്നും പുറപ്പെട്ടയുടൻ തന്നെ എം.വി.ഡി തടയുകയായിരുന്നു. പിഴയടച്ചതിന് ശേഷമാണ് ബസിന് യാത്ര തുടരാൻ ഉദ്യോഗസ്ഥർ അനുമതി നൽകിയത്. ഇതുമൂലം അരമണിക്കൂർ വൈകിയാണ് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിൽ നിന്ന് റോബിൻ ബസ് സർവീസ് തുടങ്ങിയത്.

വാഹനത്തിനെതിരെ നേരത്തെ രണ്ട് കേസുകളുണ്ടെന്ന് എം.വി.ഡി ഉദ്യോഗസ്ഥർ അറിയിച്ചു. പ്രീ ബുക്കിങ് നടത്തി മാത്രമേ യാത്രക്കാരെ അനുവദിക്കാൻ പാടുള്ളുവെന്ന് കോടതി വ്യക്തമാക്കിയതാണ്. എന്നാൽ വാഹനത്തിൽ ഇന്ന് കയറിയ യാത്രക്കാരുണ്ടെന്നും ഇത് പെർമിറ്റിന്റെ ലംഘനമാണെന്നുമാണ് എം.വി.ഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. എന്നാൽ കോടതിയോടുള്ള വെല്ലുവിളിയാണ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ബസുടമ ബേബി ഗിരീഷ് ആരോപിച്ചു.

You might also like