ഗാന്ധിപുരം ആർ.ടി.ഒ കസ്‌റ്റഡിയിലെടുത്ത റോബിൻ ബസ് തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് ഉടമ ഇന്ന് ആർ.ടി ഓഫീസിൽ കത്ത് നൽകും.

0

കോയമ്പത്തൂർ: പെർമിറ്റ് ലംഘിച്ചെന്ന് കാട്ടി തമിഴ്‌നാട്ടിൽ ഗാന്ധിപുരം ആർ.ടി.ഒ കസ്‌റ്റഡിയിലെടുത്ത റോബിൻ ബസ് തിരിച്ചുകിട്ടണം എന്നാവശ്യപ്പെട്ട് ഉടമ ഇന്ന് ആർ.ടി ഓഫീസിൽ കത്ത് നൽകും. ഗാന്ധിപുരം ആർ.ടി ഓഫീസിലെത്തിയാണ് കത്ത് നൽകുന്നത്. നിയമപോരാട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം സർവീസിനിറങ്ങിയ റോബിൻ ബസ് രണ്ടാം ദിവസവും കേരളത്തിൽ മോട്ടോ‌ർ വെഹിക്കിൾ വിഭാഗം പിടികൂടി 7500 രൂപ പിഴയിട്ടിരുന്നു. പിന്നീട് തമിഴ്‌നാട്ടിലെത്തിയ ബസിന് വൻപിഴയാണ് പെർമിറ്റ് ലംഘനം ചൂണ്ടിക്കാട്ടി തമിഴ്‌നാട് ചുമത്തിയത്.

ഞായറാഴ്‌ച പിടികൂടിയ ബസ് ഗാന്ധിപുരം സെൻട്രൽ ഓഫീസിലേക്ക് മാറ്റി. ഉച്ചയോടെ കോയമ്പത്തൂരിൽ എത്തേണ്ട ഈ ബസിലെ യാത്രക്കാരെ വാളയാർ വരെ തമിഴ്‌നാട് ബസിലും അതിന് ശേഷം പത്തനംതിട്ട വരെ ബസ് ഉടമ ഗിരീഷ് ഏ‌ർപ്പെടുത്തിയ ബസിലും ആണ് എത്തിച്ചത്. ഞായറാഴ്‌ച ഓഫീസ് അവധിയായതിനാൽ ഇന്ന് മോട്ടോർ വെഹിക്കിൾ ഡയറക്‌ടർ എത്തി തുടർനടപടി സ്വീകരിച്ച ശേഷം മാത്രമേ വാഹനം വിട്ടുകിട്ടൂ.

ചൊവ്വാഴ്‌ച റോബിൻ ബസിന്റെ പെർമിറ്റ് സംബന്ധിച്ച വിധി വരാനിരിക്കെ കേരള സർക്കാരുമായി ചേർന്നുള്ള നാടകമാണ് തമിഴ്‌നാട്ടിലേതെന്ന് ബസുടമ ആരോപിച്ചു. കേരളത്തിൽ നിന്ന് വിളിച്ചറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബസ് പിടിച്ചത്. പിഴ ഈടാക്കിയ ശേഷമേ ബസ് വിട്ടുതരൂവെന്ന് അധികൃതർ അറിയിച്ചതായാണ് റോബിൻ ബസുടമ ഗിരീഷ് വ്യക്തമാക്കിയത്.ലംഘനം എന്താണെന്ന് ആർ.ടി.ഒ അധികൃതർ കൃത്യമായി വ്യക്തമാക്കിയില്ലെന്നാണ് ആരോപണം.അതേസമയം ദേശസാൽകൃത റൂട്ടുകളിലൂടെ ഓൾ ഇന്ത്യ പെർമിറ്റ് അടിസ്ഥാനത്തിൽ സർവീസ് നടത്തുന്ന വാഹനങ്ങൾ നിയന്ത്രിക്കണം എന്നാവശ്യപ്പെട്ട് കെ.എസ്.ആ‌ർ.ടി.സി നൽകിയ ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. പ്രധാനമായും റോബിൻ ബസിനെതിരായി ഉദ്ദേശിച്ചാണ് ഈ ഹ‌ർജി.

You might also like