നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ചെളിയിൽ താഴ്ന്നു
വയനാട്: നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും യാത്ര ചെയ്യുന്ന ബസ് ചെളിയിൽ താഴ്ന്നു. വയനാട് മാനന്തവാടിയിൽ എത്തിയപ്പോഴാണ് സംഭവം. അവസാനം പൊലീസും സുരക്ഷാ അംഗങ്ങളും ഏറെ പണിപ്പെട്ടാണ് ബസ് ഉയർത്തിയത്.
വയനാട്ടിലെ അവസാനത്തെ പ്രോഗ്രാം ആയിരുന്നു മാനന്തവാടിയിലേത്. ചെളിയിൽ താഴ്ന്ന ബസിന്റെ ടയർ കയർ ഉപയോഗിച്ചാണ് പൊലീസും സുരക്ഷാ അംഗങ്ങളും സുരക്ഷിതമായി മുകളിലേയ്ക്ക് കയറ്റിയത്. ബസിന്റെ പിൻചക്രങ്ങളാണ് ചെളിയിൽ താഴ്ന്നത്.
അതേസമയം, മുഖ്യമന്ത്രിയും മന്ത്രിമാരും നവകേരള യാത്ര നടത്തുന്ന ബസ് ടൂറിസം ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് ആലോചന. ജനുവരി മുതൽ ഇത്തരത്തിൽ ഉപയോഗിക്കാൻ കെ.എസ്.ആർ.ടി.സി സി.എം.ഡി ബിജു പ്രഭാകർ സർക്കാരിന്റെ അനുമതി തേടിയെന്നാണ് വിവരം.
പ്രത്യേക നിരക്ക് ഈടാക്കിയാണ് നവകേരള ബസ് വിട്ടുനൽകുക. ആദ്യം ബുക്ക് ചെയ്യുന്നവരിൽ നിശ്ചിത ശതമാനത്തിന് നിരക്കിൽ ഇളവ് നൽകിയേക്കും. സർക്കാരിന്റെ അനുമതി കിട്ടിയാൽ മാത്രമേ തുടർനടപടികൾ കെ.എസ്.ആർ.ടി.സിക്ക് സ്വീകരിക്കാനാവൂ.