ഹമാസുമായി വെടിനിര്‍ത്തല്‍ കരാറിന് ഒരുക്കമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്
ഹമാസുമായി വീണ്ടുമൊരു വെടിനിര്‍ത്തല്‍ കരാറിന് ഒരുക്കമെന്ന് ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗ്. 80 രാജ്യങ്ങളില്‍നിന്നുള്ള അംബാസഡര്‍മാര്‍ക്ക് ചൊവ്വാഴ്ച നല്‍കിയ വിരുന്നിലാണ് ഹെര്‍സോഗിന്റെ തുറന്നുപറച്ചില്‍. കൂടുതല്‍ ബന്ദികളെ മോചിപ്പിക്കാന്‍ തയ്യാറാണെങ്കില്‍ വെടിനിര്‍ത്തലിന് തയാറാണെന്നാണ് ഹെര്‍സോഗ് പറയുന്നത്. ഇസ്രയേലിന്റെ നിലപാട് മയപ്പെടുന്നു എന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ നേരത്തെ വന്നിരുന്നെങ്കിലും ഒന്നിനും സ്ഥിരീകരണമുണ്ടായിരുന്നില്ല.
നവംബര്‍ അവസാനത്തോടെ ഏഴുദിവസത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സമ്മതിച്ചിരുനെങ്കിലും അതിനുശേഷം വലിയ തോതിലുള്ള ആക്രമണമായിരുന്നു ഗാസയില്‍ നടത്തിയത്. വെടിനിര്‍ത്തലിന് വേണ്ടിയുള്ള ചര്‍ച്ചകളില്‍ നിന്നെല്ലാം ഇസ്രയേല്‍ പുറംതിരിഞ്ഞ് നില്‍ക്കുകയായിരുന്നു. 240 ബന്ദികളില്‍ 129 പേര്‍ ഗാസയില്‍ അവശേഷിക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരെ മോചിപ്പിക്കാന്‍ ഇസ്രയേലി സര്‍ക്കാരിന് മേല്‍ വലിയ സമര്‍ദ്ദവുമുണ്ടായിരുന്നു.അതേസമയം, വടക്കന്‍ ഗാസയിലെ ജബാലിയ അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ ഇന്ന് നടത്തിയ വ്യോമാക്രമണത്തില്‍ 13 പലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതുവരെ 19667 പലസ്തീനികളാണ് ഒക്ടോബര്‍ ഏഴിന് ശേഷം കൊല്ലപ്പെട്ടത്.