കാലാവസ്ഥാവ്യതിയാനം ആയിരക്കണക്കിന് ജീവനുകളെടുത്തു: സേവ് ദി ചിൽഡ്രൻ
2023 വർഷത്തിൽ പന്ത്രണ്ടായിരത്തോളം ആളുകൾക്ക് കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട അപകടങ്ങളിൽ ജീവഹാനി സംഭവിച്ചുവെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന. കടുത്ത കാലാവസ്ഥാവ്യതിയാനങ്ങളുടെ ഭാഗമായി, ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉണ്ടായ വെള്ളപ്പൊക്കങ്ങൾ, തീപിടുത്തങ്ങൾ, ചുഴലിക്കൊടുങ്കാറ്റ്, മണ്ണിടിച്ചിൽ തുടങ്ങിയവയിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് 30 ശതമാനം കൂടുതൽ ആളുകളാണ് മരണമടഞ്ഞത്.
ലോകമെമ്പാടുമുള്ള സാധാരണ ജനജീവിതത്തിനുനേരെ ഭീഷണിയുയർത്തുന്ന ഈ മാറ്റങ്ങളുടെ മുന്നിൽ, കാലാവസ്ഥാവ്യതിയാനത്തിന് കാരണമാകുന്ന സ്ഥിതിവിശേഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും, കാലാവസ്ഥാവ്യതിയാനവുമായി പൊരുത്തപ്പെടാനും, പ്രകൃതിദുരന്തങ്ങൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ നേരിടുന്നവർക്ക് ധനസഹായം ലഭ്യമാക്കാനും പരിശ്രമിക്കാൻ ലോകനേതാക്കളോട് സേവ് ദി ചിൽഡ്രൻ ആവശ്യപ്പെട്ടു. കാലാവസ്ഥാവ്യതിയാനത്തിന് മാറ്റമുണ്ടാക്കേണ്ട വരുംതലമുറയെന്ന നിലയിൽ, കുട്ടികളുടെ ആവശ്യങ്ങൾ പരിഗണിക്കാനും അവർക്ക് പിന്തുണ നൽകാനും, വേണ്ട സഹായങ്ങൾ ഉറപ്പാക്കാനും സംഘടന ആഹ്വാനം ചെയ്തു.
കാലാവസ്ഥാവ്യതിയാനവുമായി ബന്ധപ്പെട്ട് ഏതാണ്ട് 240 സംഭവങ്ങളാണ് കഴിഞ്ഞ വർഷം റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് സേവ് ദി ചിൽഡ്രൻ അറിയിച്ചു. 2022-നെ അപേക്ഷിച്ച് മണ്ണിടിച്ചിലിൽ ഏതാണ്ട് 60 ശതമാനവും, അഗ്നിബാധയിൽ ഏതാണ്ട് 278 ശതമാനവും, കൊടുങ്കാറ്റ് മൂലമുള്ള അപകടങ്ങളിൽ ഏതാണ്ട് 340 ശതമാനവും വർദ്ധനവാണ് 2023-ൽ ഉണ്ടായിരിക്കുന്നത്.
കഴിഞ്ഞവർഷത്തെ കാലാവസ്ഥാദുരിതങ്ങളുടെ കൂടുതൽ ഭാരവും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിലെ ജനങ്ങളാണ് വഹിക്കേണ്ടിവന്നതെന്നും സേവ് ദി ചിൽഡ്രൻ തയ്യാറാക്കിയ കണക്കുകൾ വ്യക്തമാക്കി. പ്രകൃതിദുരന്തങ്ങളുടെ ഇരകളിൽ പകുതിയിലധികവും ഇത്തരം രാജ്യങ്ങളിൽനിന്നുള്ളവരാണ്.