സുഡാനിൽ ആയിരക്കണക്കിന് നവജാതശിശുക്കൾക്ക് വൈദ്യസഹായം ലഭിക്കില്ലെന്ന്: സേവ് ദി ചിൽഡ്രൻ
സംഘർഷങ്ങൾ നിറഞ്ഞ സുഡാനിൽ, അടുത്ത മൂന്ന് മാസങ്ങൾക്കുള്ളിൽ ഏതാണ്ട് മുപ്പതിനായിരത്തോളം കുട്ടികൾ, വൈദ്യസഹായം ലഭ്യമാകാത്ത ദുരവസ്ഥയിൽ ജനിക്കേണ്ടിവരുമെന്ന് സേവ് ദി ചിൽഡ്രൻ അന്താരാഷ്ട്രസംഘടന മുന്നറിയിപ്പ് നൽകി. രാജ്യത്ത് ഏറെ നാളുകളായി തുടരുന്ന സംഘർഷങ്ങൾ സാധാരണ ജനജീവിതം അസാധ്യമാക്കിയ പശ്ചാത്തലത്തിലാണ്, കുട്ടികളുടെ അവകാശങ്ങൾക്കുവേണ്ടി ലോകമെമ്പാടും പ്രവർത്തിക്കുന്ന ഈ സംഘടന കഴിഞ്ഞ ദിവസം പത്രക്കുറിപ്പിലൂടെ സുഡാനിലെ ദുരിതസ്ഥിതിയെക്കുറിച്ച് അറിയിച്ചത്. സംഘർഷങ്ങൾ ആരംഭിച്ചതിന് ശേഷം ഏതാണ്ട് രണ്ടര ലക്ഷത്തോളം ആളുകൾക്ക് സഹായമെത്തിക്കാൻ തങ്ങൾക്ക് സാധിച്ചുവെന്നും, അവരിൽ ഒരു ലക്ഷത്തിമുപ്പത്തയ്യായിരത്തോളം പേർ കുട്ടികളായിരുന്നുവെന്നും സംഘടന വ്യക്തമാക്കി.
സുഡാനിലെ സാധാരണജനങ്ങൾ അനുഭവിക്കുന്ന യാതനകൾ എടുത്തുപറഞ്ഞ സേവ് ദി ചിൽഡ്രൻ, രാജ്യത്ത് മാനവികസഹായം ലഭ്യമാക്കുന്ന സംഘടനകൾക്ക് ലഭിക്കേണ്ട അറുപത് ശതമാനം സാമ്പത്തികസഹായവും ലഭ്യമായിട്ടില്ലെന്നും, അതുകൊണ്ടുതന്നെ, അന്താരാഷ്ട്രസമൂഹം അവിടുത്തെ കുട്ടികളെയും അവരുടെ അമ്മമാരെയും ഓർത്ത് സഹായമെത്തിക്കണമെന്നും ആവശ്യപ്പെട്ടു.
കണക്കുകൾ പ്രകാരം സുഡാനിൽ മാത്രം അടുത്ത മൂന്ന് മാസങ്ങളിൽ ഏതാണ്ട് 45000 കുട്ടികൾ ജനിക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിവരിൽ ഏതാണ്ട് 35 ശതമാനത്തിന് മാത്രമാണ് ഏതെങ്കിലും ആരോഗ്യകേന്ദ്രത്തിന്റെ സഹായം ലഭ്യമായേക്കുക. ബാക്കിവരുന്ന 65 ശതമാനം ആളുകൾക്കും വൈദ്യസഹായം ലഭ്യമാകില്ല. കുഞ്ഞിന്റെയും അമ്മയുടെയും ജീവനുൾപ്പെടെ ഭീഷണിയായിരിക്കും ഇത്തരമൊരു അവസ്ഥ. കഴിഞ്ഞ ഏപ്രിലിൽ സംഘർഷങ്ങൾ ആരംഭിക്കുന്നതിന് മുൻപുതന്നെ, ലോകത്ത് മാതൃമരണനിരക്ക് ഏറ്റവും കൂടിയ രാജ്യങ്ങളിൽ ഒന്നായിരുന്നു സുഡാൻ.