യുദ്ധം എല്ലായ്‌പ്പോഴും ഒരു പരാജയമാണ്: ഫ്രാൻസിസ് പാപ്പാ
യുദ്ധങ്ങൾ എപ്പോഴും ഒരു പരാജയമാണെന്നും, യുദ്ധത്തിൽ ദുരിതമനുഭവിക്കുന്ന ജനതകളെ മറക്കാതിരിക്കാമെന്നും ഫ്രാൻസിസ് പാപ്പാ. ഡിസംബർ 20 ബുധനാഴ്ച വത്തിക്കാനിൽ അനുവദിച്ച പൊതുകൂടിക്കാഴ്ചാവേളയിലാണ് യുദ്ധമെന്ന വിപത്തിനെതിരെ പാപ്പാ വീണ്ടും ശബ്ദമുയർത്തിയത്.
യുദ്ധമെന്ന തിന്മയുടെ ദുരിതമനുഭവിക്കുന്ന ആളുകളെയും ജനതകളെയും നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. യുദ്ധങ്ങൾ എപ്പോഴും ഒരു പരാജയമാണ്. ഇത് നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ ആവർത്തിച്ചു. യുദ്ധങ്ങളിൽ ലാഭം കൊയ്യുന്നത് യുദ്ധോപകരണങ്ങൾ നിർമ്മിക്കുന്നവർ മാത്രമാണെന്ന് പാപ്പാ കുറ്റപ്പെടുത്തി.
പലസ്തീനയെയും ഇസ്രയേലിനെയും, ഉക്രൈനെയും നമുക്ക് മറക്കാതിരിക്കാമെന്ന് പാപ്പാ എടുത്തുപറഞ്ഞു. പാപ്പായുടെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിൽ സംബന്ധിച്ചിരുന്ന ഉക്രൈനിൽനിന്നുള്ള അംബാസഡറെ പരാമർശിച്ചുകൊണ്ടാണ് പാപ്പാ ഏറെ ബുദ്ധിമുട്ടുകളിലൂടെ കടന്നുപോയ്ക്കൊണ്ടിരിക്കുന്ന ഉക്രൈനെ അനുസ്മരിച്ചത്.
യുദ്ധങ്ങൾക്കിടയിൽപ്പെട്ടുപോയിരിക്കുന്ന കുട്ടികളെ പാപ്പാ പ്രത്യേകം അനുസ്മരിച്ചു. സമാധാനത്തിന്റെ രാജകുമാരനായ പുൽക്കൂട്ടിലെ യേശുവിനോട് സമാധാനത്തിനായി നമുക്ക് പ്രാർത്ഥിക്കാമെന്നും പാപ്പാ കൂട്ടിച്ചേർത്തു.
പൊതുകൂടിക്കാഴ്ചാസമ്മേളനത്തിന്റെ അവസാനം വിവിധ ഭാഷക്കാരായ ആളുകളെ അഭിസംബോധന ചെയ്യവെയാണ് യുദ്ധക്കെടുതികൾ മൂലം ബുദ്ധിമുട്ടുന്ന ആളുകളെ പാപ്പാ വീണ്ടും അനുസ്മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയും പാലസ്തീന, ഇസ്രായേൽ, ഉക്രൈൻ പ്രദേശങ്ങളിൽ സഹനമനുഭവിക്കുന്ന ജനങ്ങളെക്കുറിച്ച് പാപ്പാ സംസാരിച്ചിരുന്നു.