ഭൂചലനം: ചൈനയില്‍ മരണം 131; സഹായ വാഗ്ദാനവുമായി തായ്‌വാന്‍
ബീജിങ്: ചൈനയിലുണ്ടായ വന്‍ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 131 ആയി. 1000 പേര്‍ക്ക് പരിക്കേറ്റു. ഗാന്‍സു, ഖിങ്ഹായ് പ്രവിശ്യകളില്‍ അന്തരീക്ഷ താപനില മൈനസ് 16 ഡിഗ്രസെല്‍ഷ്യസ് ആയതിനാല്‍ രക്ഷാപ്രവര്‍ത്തനം വന്‍വെല്ലുവിളി ഉയര്‍ത്തുന്നതാണ്. റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തിങ്കളാഴ്ച രാത്രിയാണ് അനുഭവപ്പെട്ടത്. ഏതാണ്ട് ഒന്നര ലക്ഷത്തോളം വീടുകള്‍ തകര്‍ന്നതായി ഔദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
വലിയ ഭൂചലനത്തിന് അനുബന്ധമായി നിരവധി ചെറു ചലനങ്ങളും ഉണ്ടായി. ചൈനയുടെ ഭൂരിഭാഗം മേഖലകളിലും തണുത്ത കാറ്റ് വീശുകയാണ്. അന്തരീക്ഷ താപനില മൈനസ് പോയിന്റിലാണ്. 1500 ഫയര്‍ ഫൈറ്റേഴ്‌സ്, 1500 പോലീസ്, ആയിരം പിഎല്‍എ സൈനികരും 400 മെഡിക്കല്‍ സംഘവും രക്ഷാപ്രവര്‍ത്തിലേര്‍പ്പെട്ടിട്ടുണ്ട്. ഗാന്‍സു മേഖലയില്‍ നിന്നും 78 പേരെ രക്ഷപ്പെടുത്തി. എന്നാല്‍ 20 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല.
അതിനിടെ ചൈനയില്‍ ഭൂചലനത്തില്‍ നൂറിലധികം പേര്‍ കൊല്ലപ്പെട്ടതിനെത്തുടര്‍ന്ന് തായ്വാന്‍ പ്രസിഡന്റ് സായ് ഇംഗ്-വെന്‍ അനുശോചനം രേഖപ്പെടുത്തുകയും ചൈനയ്‌ക്ക് എല്ലാ സഹായവും വാഗ്ദാനം ചെയ്യുകയും ചെയ്തു.
ജനാധിപത്യപരമായി ഭരിക്കുന്ന ദ്വീപിനെ സ്വന്തം പ്രദേശമായി കാണുന്ന തായ്പേയും ബീജിങ്ങും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ കഴിഞ്ഞ നാല് വര്‍ഷമായി തുടരുകയാണ്. രാഷ്‌ട്രീയവും സൈനികവുമായ സമ്മര്‍ദത്തോടെ തങ്ങളുടെ പരമാധികാര അവകാശവാദം ഉന്നയിക്കാന്‍ ചൈന ശ്രമിക്കുന്നുമുണ്ട്. എന്നാല്‍ അതെല്ലാം മാറ്റിവച്ചുകൊണ്ടാണ് തായ്‌വാന്‍ പ്രസിഡന്റ് അനുശോചനം രേഖപ്പെടുത്തുകയും സഹായ വാഗ്ദാനം ചെയ്യുകയും ചെയ്തത്.