രാജ്യം സന്ദർശിക്കുന്നവർക്ക് വിസ നടപടികൾ എളുപ്പമാക്കാൻ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി അറേബ്യ.
റിയാദ്: രാജ്യം സന്ദർശിക്കുന്നവർക്ക് വിസ നടപടികൾ എളുപ്പമാക്കാൻ പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ച് സൗദി അറേബ്യ. കെഎസ്എ വിസ എന്ന പേരിട്ടിരിക്കുന്ന ഈ ആപ്പിലൂടെ ഹജ്ജ്, ഉമ്ര വിസിറ്റ്, ബിസിനസ് വിസ, ടൂറിസ്റ്റ് വിസ, മറ്റ് വിസകൾ എളുപ്പത്തിൽ അപേക്ഷിക്കാൻ സാധിക്കുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പ്ലാറ്റ്‌ഫോമിൽ 30ഓളം മന്ത്രാലയങ്ങളും മറ്റ് വകുപ്പുകളും ലിങ്ക് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വിസ നടപടികൾ എളുപ്പമാകും. സന്ദർശകർക്ക് ആവശ്യമായ സഹായം ലഭ്യമാകാൻ എഐ സാങ്കേതികവിദ്യയും ഈ ആപ്പിൽ ഉപയോഗിച്ചിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കുന്നു.
സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് രാജാവിന്റെ നിർദ്ദേശവും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെ തുടർനടപടികളുടെയും ഫലമായാണ് പുതിയ പ്ലാറ്റ്‌ഫോം ആരംഭിച്ചത്. രാജ്യത്തേക്ക് എത്തുന്ന സന്ദർശകർക്ക് ഏറ്റവും കൂടുതൽ ബുദ്ധിമുട്ടാകുന്ന വിസ നടപടികൾ എളുപ്പമാക്കുക എന്നതാണ് പുതിയ പ്ലാറ്റ്‌ഫോമിന്റെ ലക്ഷ്യം. ലഭ്യമായ വിസകളുടെ വിശദവിവരങ്ങളും ആപ്പിൽ ലഭ്യമാണ്.