‘കൊവിഡിനെ വെറും ജലദോഷമായി കണ്ട് തള്ളിക്കളയരുത്..’; മുന്നറിയിപ്പുമായി ഡോ. സൗമ്യ സ്വാമിനാഥൻ
ന്യൂഡൽഹി: രാജ്യം ഒമിക്രോൺ തരംഗത്തിന് സാക്ഷ്യം വഹിച്ച് ഒന്നര വർഷത്തിന് ശേഷം, ഇപ്പോൾ ഒമിക്രോണിന്റെ ജെഎൻ വൺ ഉപവകഭേദം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യയിൽ വർധിച്ചുവരുന്ന കൊവിഡ് കേസുകളെ കുറിച്ച് രണ്ട് പ്രമുഖ ആരോഗ്യ വിദഗ്ധരാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ മുൻ ചീഫ് സയന്റിസ്റ്റ് ഡോ. സൗമ്യ സ്വാമിനാഥൻ, കൊവിഡിനെ വെറും ജലദോഷമായി തള്ളിക്കളയുന്നതിനെതിരെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
രോഗബാധയ്ക്ക് എതിരെ ആളുകൾ സ്വീകരിക്കേണ്ട മുൻകരുതലുകളും ഡോ. സ്വാമിനാഥൻ എടുത്തുപറയുകയുണ്ടായി. പ്രായമായവരും പ്രതിരോധശേഷി കുറഞ്ഞവരും മാസ്ക് ധരിക്കാൻ തുടങ്ങേണ്ടതുണ്ടെന്നാണ് അവർ പറയുന്നത്.
ഇതിന് പുറമെ നാഷണൽ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കോവിഡ് ടാസ്ക് ഫോഴ്സ് കോ-ചെയർമാൻ ഡോ രാജീവ് ജയദേവനും മുന്നറിയിപ്പുമായി രംഗത്ത് വന്നിരുന്നു. കൊച്ചിയിൽ ഇരുപത്തിനാല് മണിക്കൂറിനിടെ ഇൻഫ്ലുവൻസ പോലുള്ള ലക്ഷണങ്ങളുള്ള രോഗികളിൽ 30 ശതമാനം പേർക്കും കൊവിഡ് പോസിറ്റീവ് ആണെന്ന് തെളിഞ്ഞുവെന്ന് പറഞ്ഞ രാജീവ് ജയദേവൻ, കോവിഡ് കേസുകൾ സമൂഹത്തിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും, തന്റെ അയൽക്കാരനും രോഗബാധ കണ്ടെത്തിയെന്നും അറിയിച്ചു.