നവകേരള സദസ്സ് ഇന്ന് അവസാനിക്കും
തിരുവനന്തപുരം: കേരളത്തിലെ 140 നിയമസഭാ നിയോജക മണ്ഡലങ്ങളിലും പര്യടനം നടത്തിയ മന്ത്രിസഭയുടെ നവകേരള സദസ്സ് ഇന്ന് അവസാനിക്കും. വട്ടിയൂർക്കാവ് മണ്ഡലത്തിലാണ് പര്യടനം അവസാനിക്കുന്നത്. തിരുവനന്തപുരം, വട്ടിയൂർക്കാവ് മണ്ഡലങ്ങളുടെ നവകേരള സദസ്സ് ഒരുമിച്ചായിരിക്കും വൈകിട്ട് നടക്കുക . കോവളം ,നേമം,കഴക്കൂട്ടം തിരുവനന്തപുരം വട്ടിയൂർക്കാവ് മണ്ഡലങ്ങളിലാണ് നവകേരള സദസ്സ് ഇന്ന് പര്യടനം നടത്തുന്നത് . രാവിലെ പ്രഭാത യോഗത്തിനുശേഷം മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ഉണ്ടാകും.
ജനങ്ങളിലേക്ക് ഇറങ്ങി സർക്കാരിന്‍റെ പ്രവർത്തനങ്ങൾ വിലയിരുത്തുക എന്നതിനൊപ്പം മറ്റു ചില രാഷ്ട്രീയ നേട്ടങ്ങളും ലക്ഷ്യം വെച്ചാണ് ഇടതുമുന്നണി സർക്കാർ നവ കേരള സദസ് സംഘടിപ്പിച്ചത്. കേന്ദ്രസർക്കാരിന്‍റെ സംസ്ഥാന വിരുദ്ധ നയങ്ങളും പ്രതിപക്ഷത്തിന്‍റെ വികസനവിരുദ്ധ സമീപനങ്ങളും തുറന്നു കാട്ടുകയായിരുന്നു യാത്രയുടെ ലക്ഷ്യം. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി സംവിധാനത്തെ ചലിപ്പിക്കാൻ വേണ്ടിയുള്ള രാഷ്ട്രീയ ലക്ഷ്യവും യാത്രയ്ക്ക് പിന്നിലുണ്ട്. അത് വിജയിച്ചു എന്നാണ് ഒരു മാസത്തിലേറെ നീണ്ടുനിന്ന യാത്ര അവസാനിക്കുമ്പോൾ മുന്നണി നേതൃത്വത്തിന്‍റെ കണക്ക് കൂട്ടൽ.