62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും

0

കൊല്ലം : 62-ാമത് സംസ്ഥാന സ്കൂള്‍ കലോത്സവത്തിന് ജനുവരി 4ന് കൊല്ലത്ത് തുടക്കമാകും. മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. വിശദവിവരങ്ങൾ അറിയിക്കാനായി മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും ചേർന്ന് വാർത്താസമ്മേളനം നടത്തി. 239 ഇനങ്ങളിലായി 14,000ത്തോളം വിദ്യാർഥികള്‍ പങ്കെടുക്കും. കലോത്സവത്തിനൊപ്പം സംസ്കൃതോത്സവവും അറബിക് കലോത്സവവും നടക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി. കലോത്സവത്തിന്റെ സുഗമമായ നടത്തിപ്പിന് 20 കമ്മറ്റികൾ രൂപീകരിച്ചു. ജനുവരി 8നാണ് സമാപനം.

പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ സ്കൂള്‍ വിദ്യാര്‍ഥികളുടെ നൈസര്‍ഗിക കലാസാഹിത്യ കഴിവുകള്‍ കണ്ടെത്തി പരിപോഷിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിക്കുന്ന 62-ാമത് കേരള സ്കൂള്‍ കലോത്സവത്തിന് ആതിഥ്യമരുളാന്‍ കൊല്ലം പട്ടണം ഒരുങ്ങിക്കഴിഞ്ഞു. കൊല്ലം ജില്ലയില്‍നാലാമത്തെ  തവണയാണ് കലോത്സവം നടക്കുന്നത്. 2008ലാണ് അവസാനം കൊല്ലം കലോത്സവത്തിന് വേദി ആയത്. 1957-ല്‍ തുടങ്ങി ഇന്ന് ഏഷ്യയിലെ തന്നെ ഏറ്റവും വലിയ കൗമാര കലോത്സവമായി വളര്‍ന്ന മേള 2018ല്‍ പരിഷ്കരിച്ച മനുവലിലെ വ്യവസ്ഥകള്‍ക്കനുസൃതമായാണ് സംഘടിപ്പിക്കുന്നത്. അടുത്ത തവണ മാനുവൽ വിശദമായി പരിഷ്കരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് ആലോചിക്കുന്നതായി മന്ത്രി ശിവൻകുട്ടി വ്യക്തമാക്കി.

You might also like