ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കണം,നെതന്യാഹു സര്‍ക്കാര്‍ രാജിവയ്ക്കണം; ടെല്‍ അവീവില്‍ പ്രതിഷേധം
ടെല്‍ അവീവ്: ഗസ്സയില്‍ തടവിലാക്കിയ ഇസ്രായേല്‍ ബന്ദികളെ മോചിപ്പിക്കണമെന്നും പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സര്‍ക്കാര്‍ രാജിവയ്ക്കണമെന്നും ആവശ്യപ്പെട്ട് ടെല്‍ അവീവില്‍ പ്രതിഷേധവുമായി ആയിരങ്ങള്‍. ഗസ്സയ്ക്ക് മേലുള്ള ആക്രമണം അവസാനിപ്പിക്കണമെന്നും ഹമാസ് പിടികൂടിയ ഇസ്രായേലി ബന്ദികളെ മോചിപ്പിക്കണണെന്നും ആവശ്യപ്പെട്ടാണ് പ്രതിഷേധം. ബന്ദികളാക്കപ്പെട്ടവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും അടക്കം ആയിരക്കണക്കിന് ആളുകളാണ് ടെല്‍ അവീവിലെ ഹബീമ സ്‌ക്വയറില്‍ പ്രതിഷേധ റാലി നടത്തിയത്.
നെതന്യാഹുവിനെയും സര്‍ക്കാര്‍ പ്രതിനിധികളെയും കുറ്റപ്പെടുത്തിയാണ് പ്രതിഷേധം. ലജ്ജ എന്നര്‍ത്ഥം വരുന്ന മുദ്രാവാക്യം മുഴക്കിയാണ് റാലി നടത്തുന്നത്. ഇസ്രായേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ ജറുസലേമിലെ വീടിനു മുന്നിലും നെതന്യാഹുവിന്റെ സിസേറിയയിലെ സ്വകാര്യ വസതിക്ക് പുറത്തും പ്രതിഷേധക്കാര്‍ ഒത്തുകൂടി. ഗസ്സയില്‍ ഹമാസ് തടങ്കലിലാക്കിയ 100 ലധികം ബന്ദികളെ മോചിപ്പിക്കണമെന്ന് ഇവരാവശ്യപ്പട്ടു.
റാലിയില്‍ ഏകദേശം 20,000 പേര്‍ പങ്കെടുത്തതായി സംഘാടകര്‍ പറഞ്ഞു. ഗസ്സയുടെ സമീപ പ്രദേശങ്ങളില്‍ നിന്നും ലെബനന്റെ വടക്കന്‍ അതിര്‍ത്തിയില്‍ നിന്നും പ്രതിഷേധക്കാരെത്തി. നെതന്യാഹു രാജിവയ്ക്കണമെന്നും ബന്ദികളെ മോചിപ്പിക്കാന്‍ നയതന്ത്ര ശ്രമങ്ങള്‍ നടത്തണമെന്നും ഓരോ ദിവസം കഴിയുന്തോറും തടവുകാരുടെ ജീവിതം അപകടകരമാകുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.