വിസിറ്റിങ് വിസ പുനരാരംഭിക്കാൻ കുവൈറ്റ്
നിർത്തിവെച്ച വിസിറ്റിങ് വിസ പുനരാരംഭിക്കാൻ കുവൈറ്റ്. ഫാമിലി, ടൂറിസ്റ്റ്, കൊമേഴ്സ്യല്‍ വിസകളാണ് ഒന്നര വർഷത്തിന് ശേഷം വീണ്ടും അനുവദിക്കുന്നത്. ഇന്നു മുതൽ വിസ അനുവദിച്ചുതുടങ്ങും.
പുതിയ നിബന്ധനകള്‍ക്കും വ്യവസ്ഥകള്‍ക്കും വിധേയമായാണ് വിസ നല്‍കുന്നത്.
പിതാവ്, മാതാവ്, ഭാര്യ, കുട്ടികള്‍ എന്നിവര്‍ക്ക് ഫാമിലി വിസ ലഭിക്കാന്‍ അപേക്ഷകന് കുറഞ്ഞത് 400 കുവൈറ്റ് ദിനാര്‍ (1,07,939 രൂപ) ശമ്പളമുണ്ടായിരിക്കണം. ബാക്കിയുള്ള ബന്ധുക്കളെ കൊണ്ടുവരാന്‍ അപേക്ഷകന്റെ ശമ്പളം 800 കുവൈറ്റ് ദിനാറില്‍ (2,15,866 രൂപ) കുറയരുതെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്.
സന്ദർശക വീസയിൽ എത്തുന്നവർക്ക് കുവൈറ്റ് ദേശീയ വിമാനങ്ങളിൽ തന്നെ മടക്കയാത്ര ടിക്കറ്റെടുക്കണം. സന്ദർശക വിസ റസിഡൻസ് വിസയാക്കി മാറ്റില്ലെന്ന് സത്യവാങ്മൂലം നൽകണം. ചികിത്സയ്ക്ക് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കണമെന്നും നിബന്ധനയിൽ പറയുന്നുണ്ട്. വിസ തീരുന്നതിനു മുൻപ് രാജ്യം വിട്ടില്ലെങ്കിൽ സ്പോൺസർക്കും സന്ദർശകനുമെതിരെ നിയമനടപടി സ്വീകരിക്കും.
കുവൈറ്റ് കമ്പനിയോ സ്ഥാപനമോ നല്‍കുന്ന അപേക്ഷയുടെ അടിസ്ഥാനത്തിലാണ് വാണിജ്യ വിസ നല്‍കുന്നത്. കമ്പനിയുടെ പ്രവര്‍ത്തനത്തിനും ജോലിയുടെ സ്വഭാവത്തിനും അനുസൃതമായ സര്‍വകലാശാല ബിരുദമോ സാങ്കേതിക യോഗ്യതകളോ ഉള്ള വ്യക്തികള്‍ക്കാണ് ഈ വിസ അനുവദിക്കുക.
53 രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ക്ക് രാജ്യത്തെ പ്രവേശന കവാടങ്ങളില്‍ എത്തിയാല്‍ (വിമാനത്താവളം, തുറമുഖം, കര അതിര്‍ത്തി ചെക്‌പോസ്റ്റ്) നേരിട്ട് ടൂറിസ്റ്റ് വിസ ലഭിക്കും. ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി ഇലക്ട്രോണിക് ആയും ടൂറിസ്റ്റ് വിസ ലഭ്യമാണ്.