സ്‌തുതി സ്തോത്ര മുഖരിതമായി കൊട്ടാരക്കര; റ്റി.പി.എം സാർവ്വദേശീയ കൺവൻഷന് സുവിശേഷ വിളംബര ജാഥയോടെ തുടക്കം
കൊട്ടാരക്കര: ശുഭ്രവസ്ത്രധാരികളായ ആയിരങ്ങൾ വേദപുസ്തകവും തിരുവചന പ്ലാക്കാർഡും കൈയിലേന്തി സുവിശേഷ വിളംബര ജാഥ കൊട്ടാരക്കരയെ സ്‌തുതി സ്തോത്ര മുഖരിതമാക്കി. വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ വേദവാക്യങ്ങൾ വിളിച്ചുപറഞ്ഞും ആത്മീയ ഗാനങ്ങൾ പാടിയും ആയിരങ്ങൾ അണിനിരന്നു.
ദി പെന്തെക്കോസ്ത് മിഷൻ കൊട്ടാരക്കര സാർവ്വദേശീയ കൺവൻഷന് മുന്നോടിയായി ഇന്ന് വൈകിട്ട് നടന്ന സുവിശേഷ വിളംബര ജാഥ പുലമൺ ഫെയ്ത്ത് ഹോം ജംഗ്ഷന് സമീപമുള്ള കൊട്ടാരക്കര സെന്റർ ഫെയ്ത്ത് ഹോമിൽ നിന്നും കൊട്ടാരക്കര നഗരത്തിലുടെ റ്റി.പി.എം കൺവൻഷൻ ഗ്രൗണ്ടിൽ എത്തിയതോടെ വിശ്വാസികളെ കൊണ്ട് കൺവൻഷൻ പന്തൽ നിറഞ്ഞു. കൊട്ടാരക്കര സെന്ററിലെ 40 ഓളം പ്രാദേശിക സഭകളിലെ വിശ്വാസികളും ശുശ്രൂഷകരും സുവിശേഷ വിളംബര ജാഥയിൽ പങ്കെടുത്തു. കൺവൻഷന് മുന്നോടിയായി കഴിഞ്ഞ ഞായറാഴ്ച രാവിലെ നടന്ന സൺഡേ സ്കൂൾ ജാഥയിൽ കൊട്ടാരക്കര സെന്ററിലെയും പ്രാദേശിക സഭകളിലെയും സൺഡേ സ്കൂൾ വിദ്യാർത്ഥികളും അധ്യാപകരും ശുശ്രൂഷകരും പങ്കെടുത്തിരുന്നു.
ഇന്ന് ബുധൻ മുതൽ ശനി വരെ വൈകിട്ട് 5.45 ന് സുവിശേഷ പ്രസംഗം. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ രാവിലെ 7 ന് വേദപാഠം, 9.30 ന് പൊതുയോഗം, വൈകിട്ട് 3 നും രാത്രി 10 നും കാത്തിരിപ്പ് യോഗം എന്നിവയും സമാപന ദിവസമായ ഞായറാഴ്ച രാവിലെ 9 ന് കൊട്ടാരക്കര, പുനലൂർ സെന്ററുകളുടെ 56 പ്രാദേശിക സഭകളുടെ സംയുക്ത സഭായോഗവും വൈകിട്ട് 5.45 ന് പ്രത്യേക രോഗശാന്തി ശുശ്രൂഷയും ഉണ്ടായിരിക്കും. ഫെബ്രുവരി 12 ന് രാവിലെ പുതിയ ശുശ്രൂഷകരെ തിരഞ്ഞെടുക്കുന്ന ശുശ്രൂഷയും നടക്കും.
സീനിയർ ശുശ്രൂഷകർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും. സഭയുടെ സുവിശേഷ പ്രവർത്തകർ സംഗീത ശുശ്രൂഷക്ക് നേതൃത്വം നൽകും. വിദേശ രാജൃങ്ങളിൽ നിന്നും ഇന്ത്യയുടെ പല ഭാഗങ്ങളിൽ നിന്നും ശുശ്രൂഷകരും വിശ്വാസികളും കൺവൻഷനിൽ പങ്കെടുക്കും.
1933 ൽ പാസ്റ്റർ പോളും സഹപ്രവർത്തകരും കൊട്ടാരക്കരയിൽ പാറോത്തിയാരുടെ (വില്ലേജ് ഓഫീസറുടെ) കെട്ടിടം വാടകയ്ക്ക് എടുത്തു കൺവൻഷൻ നടത്തിയാണ് സഭയുടെ പ്രവർത്തനം കൊട്ടാരക്കരയിൽ ആരംഭിച്ചത്.