ബ്യൂബോണിക് പ്ലേഗ് അമേരിക്കയില്‍ സ്ഥിരീകരിച്ചു ; പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പിലാകെ മരിച്ചത് അഞ്ച് കോടിയോളം പേര്‍

0

വാഷിങ്ടണ്‍ :  അമേരിക്കയില്‍ ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചു. യുഎസിലെ ഒറിഗോണിലാണ് കഴിഞ്ഞയാഴ്ച ആദ്യം റിപ്പോര്‍ട്ട് ചെയ്തത്. രോഗിയുടെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. വളര്‍ത്തുപൂച്ചയില്‍ നിന്നാണ് രോഗം പിടിപെട്ടത്. പുച്ചയുമായി സമ്പര്‍ക്കമുണ്ടായിരുന്നവരെ തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികള്‍ ആരംഭിച്ചു. ഇവര്‍ക്ക് ആവശ്യമയ എല്ലാവിധ ചികിത്സകളും ഉറപ്പാക്കിയതായി ഡെഷ്യൂട്ട്‌സ് കൗണ്ടി മെഡിക്കല്‍ ഓഫിസര്‍ ഡോ. റിച്ചാര്‍ഡ് ഫോസെറ്റ് അറിയിച്ചു. ബ്യൂബോണിക് പ്ലേഗ് സ്ഥിരീകരിച്ചയാള്‍ക്കും വളര്‍ത്തുമൃഗത്തിനും ഉടനടി വൈദ്യസഹായം നല്‍കിയെന്നും ഇത് അപകടസാധ്യത കുറയ്ക്കുമെന്നും വിദഗ്ധര്‍ അറിയിച്ചു.

വളര്‍ത്തുമൃഗത്തില്‍ നിന്ന് മനുഷ്യരിലേക്ക് എത്തുന്ന രോഗമാണിത്. യെര്‍സിന പെസ്റ്റിസ് എന്ന ബാക്ടീരിയ വഴിയാണ് ബ്യൂബോണിക് പ്ലേഗ് പടരുന്നത്. രോഗം ബാധിച്ച് എട്ട് ദിവസത്തിന് ശേഷമായിരിക്കും രോഗലക്ഷണങ്ങള്‍ വ്യക്തമാകുക. അതിവേഗം വൈദ്യസഹായം തേടിയില്ലെങ്കില്‍ ആരോഗ്യനില മോശമാകുകയും നാല് ദിവസത്തിനുള്ളില്‍ മരണം സംഭവിക്കാനുള്ള സാധ്യതയുമുണ്ട്. പടിഞ്ഞാറന്‍ അമേരിക്കയില്‍ ബ്യൂബോണിക് പ്ലേഗ് കേസുകള്‍ സ്ഥിരീകരിക്കുന്നത് ആദ്യ സംഭവമല്ല. എല്ലാ വര്‍ഷവും സമാനമായ കേസ് ഇവിടെ റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. 1995 മുതല്‍ ഒന്‍പത് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തെങ്കിലും മരണങ്ങളൊന്നും സംഭവിച്ചിട്ടില്ല. യുഎസില്‍ പ്രതിവര്‍ഷം ഏഴ് കേസുകളെങ്കിലും റിപ്പോര്‍ട്ട് ചെയ്യാറുണ്ട്. ഗ്രാമീണ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍ കേന്ദ്രീകരിച്ചാണ് കൂടുതല്‍ കേസുകള്‍. വടക്കന്‍ ന്യൂ മെക്‌സിക്കോ, വടക്കന്‍ അരിസോണ, തെക്കന്‍ കൊളറാഡോ, കാലിഫോര്‍ണിയ, തെക്കന്‍ ഒറിഗോണ്‍, പടിഞ്ഞാറന്‍ നെവാഡ തുടങ്ങിയ സംസ്ഥാനങ്ങളിലാണ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

You might also like