അശ്വിനെ ഏകദിന ടീമിലും ഉള്‍പ്പെടുത്തണം; 50 ഓവര്‍ ഫോര്‍മാറ്റില്‍ ടീമിനെ മികച്ചതാക്കുമെന്ന് ബ്രാഡ് ഹോഗ്
രവിചന്ദ്രന്‍ അശ്വിനെ ഇന്ത്യയുടെ ഏകദിന ടീമില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ബ്രാഡ് ഹോഗ്. സീനിയര്‍ ഓഫ് സ്പിന്നര്‍ ഒരു വിക്കറ്റ് നേട്ടക്കാരനാണെന്നും ഒപ്പം ടീമിന്റെ ബാറ്റിങ് ശേഷി മെച്ചപ്പെടുത്താനും കഴിയുമെന്നും ഹോഗ് പറഞ്ഞു. 50 ഓവര്‍ ഫോര്‍മാറ്റില്‍ അശ്വിന്‍ ഇന്ത്യന്‍ ടീമിനെ മികച്ചതാക്കുമെന്നും ഒരു ആരാധകന്റെ ട്വീറ്റിന് മറുപടി നല്‍കിയ ഹോഗ് പറഞ്ഞു.
“ഇത് ഒരു മികച്ച ഓപ്ഷനാണെന്ന് ഞാന്‍ കരുതുന്നു, ബാറ്റിംഗ് നിരയ്ക്ക് കൂടുതല്‍ വ്യാപ്തി നല്‍കുന്നു, ടോപ്പ് ഓര്‍ഡറിനെ കൂടുതല്‍ ആക്രമണാത്മകമാകാന്‍ അനുവദിക്കുന്നു,” അശ്വിന് ഏകദിന ക്രിക്കറ്റിലേക്ക് തിരിച്ചുവരാന്‍ കഴിയുമോ എന്ന ചോദ്യത്തിന് മറുപടിയായി ഹോഗ് പറഞ്ഞു. അശ്വിനെ തിരികെ ഏകദിന ടീമില്‍ പ്രവേശിപ്പിക്കണമെന്നും ഹോഗ് ട്വീറ്റ് ചെയ്തു.
77 ടെസ്റ്റുകള്‍ക്ക് പുറമെ 111 ഏകദിനങ്ങളിലും 46 ടി 20 യും കളിച്ച അശ്വിന്‍ ഏതാനും വര്‍ഷങ്ങളായി ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നിന്ന് പുറത്താണ്. 2017 ജൂണിലാണ് ഒരു ഏകദിന മത്സരത്തില്‍ അദ്ദേഹം അവസാനമായി പ്രത്യക്ഷപ്പെട്ടത്.
ഈ വര്‍ഷം ആദ്യം ഓസ്ട്രേലിയയില്‍ നടന്ന ഇന്ത്യയുടെ ചരിത്രപരമായ ടെസ്റ്റ് പരമ്ബര വിജയത്തില്‍ 34 കാരനായ താരം ഒരു പ്രധാന പങ്ക് വഹിച്ചു. കഴിഞ്ഞയാഴ്ച ഇംഗ്ലണ്ടിനെതിരായ മൂന്നാം ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തോടെ 400 ടെസ്റ്റ് വിക്കറ്റുകള്‍ നേടിയ നാലാമത്തെ ഇന്ത്യന്‍ താരമാകാനും അശ്വിന് കഴിഞ്ഞു.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാമത്തെയും അവസാനത്തെയും ടെസ്റ്റ് വ്യാഴാഴ്ച അഹമ്മദാബാദില്‍ ആരംഭിക്കും. പരമ്ബരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ടെസ്റ്റ് പരമ്ബരയ്ക്ക് ശേഷം ഇരു ടീമുകളും അഞ്ച് ടി 20 കളും മൂന്ന് ഏകദിനങ്ങളും കളിക്കും.