ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു; 2024 ലെ ലോക അഭയാർഥിദിനത്തിന്റെ പ്രമേയം പ്രഖ്യാപിച്ചു
വത്തിക്കാൻ: 110-ാം ലോക കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനാചരണത്തിന്റെ പ്രമേയം പുറത്തുവിട്ട് വത്തിക്കാൻ. ‘ദൈവം തന്റെ ജനത്തോടൊപ്പം നടക്കുന്നു’ എന്നതാണ് ഈ വർഷത്തെ പ്രമേയം. സമഗ്ര മാനവ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വത്തിക്കാനിലെ ഡിക്കാസ്റ്ററി ആണ് പ്രമേയം പ്രസിദ്ധീകരിച്ചത്.
സഭയുടെ സഞ്ചാരപരമായ മാനത്തെ അഭിസംബോധന ചെയ്യുന്നതും നമ്മുടെ കുടിയേറ്റ സഹോദരീസഹോദരന്മാരിൽ പ്രത്യേകശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ് ഈ പ്രമേയ”മെന്ന് സമഗ്ര മാനവവികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഡിക്കാസ്റ്ററി പത്രക്കുറിപ്പിൽ വെളിപ്പെടുത്തി.
എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലെ അവസാന ഞായറാഴ്ചയാണ് കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ലോക ദിനം ആചരിക്കുന്നത്. 1914 ലാണ് കുടിയേറ്റക്കാരുടെയും അഭയാർഥികളുടെയും ദിനം ആദ്യമായി ആഘോഷിച്ചത്. സംഘർഷം, പീഡനം, സാമ്പത്തിക ബുദ്ധിമുട്ടുകൾ എന്നിവയാൽ കുടിയിറക്കപ്പെട്ടവരെ ഓർക്കുകയും പ്രാർഥിക്കുകയും ചെയ്യുന്നതിന് ലോകമെമ്പാടുമുള്ള കത്തോലിക്കരെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഓരോവർഷവും ഈ ദിനം ആചരിക്കുന്നത്.