ഇസ്രായേല്‍- ഹമാസ് വെടിനിര്‍ത്തല്‍ കരാര്‍ പ്രാബല്യത്തിലേക്ക്

0

വാഷിംഗ്ടണ്‍: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാര്‍ സംബന്ധിച്ച് പാരീസ് ചര്‍ച്ചകള്‍ ധാരണയില്‍ എത്തിയതായി ഞായറാഴ്ച യു എസ് അറിയിച്ചു.

‘ഇസ്രായേല്‍, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ഈജിപ്ത്, ഖത്തര്‍ എന്നിവയുടെ പ്രതിനിധികള്‍ പാരീസില്‍ കൂടിക്കാഴ്ച നടത്തി താത്ക്കാലിക വെടിനിര്‍ത്തലിനുള്ള ബന്ദി ഇടപാടിന്റെ അടിസ്ഥാന രൂപരേഖ എങ്ങനെയായിരിക്കുമെന്ന് ധാരണയിലെത്തി’ എന്ന് വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക്ക് സള്ളിവനെ ഉദ്ധരിച്ച് സി എന്‍ എന്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇസ്രായേലും ഹമാസും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാന്‍ പാരീസില്‍ നടന്ന മാരത്തണ്‍ മധ്യസ്ഥ ചര്‍ച്ചകളില്‍ കാര്യമായ പുരോഗതി ഉണ്ടായതായി ഇസ്രായേല്‍ മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇസ്രായേലിന്റെ ‘യുദ്ധ കാബിനറ്റ്’ ശനിയാഴ്ച സമാധാന നിര്‍ദ്ദേശം ചര്‍ച്ച ചെയ്യുകയും കരാറിന് മൗനാനുവാദം നല്‍കുകയും ചെയ്തു. എങ്കിലും തുടര്‍ ചര്‍ച്ചകള്‍ ഖത്തറില്‍ നടക്കും. റമദാന്‍ മാസം ആരംഭിക്കുന്നതിന് മുമ്പ് മാര്‍ച്ച് 10ന് മുമ്പ് വെടിനിര്‍ത്തല്‍ യാഥാര്‍ഥ്യമാകുമെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മൊസാദ് മേധാവി ഡേവിഡ് ബാര്‍ണിയയുടെയും ഷിന്‍ ബെറ്റ് ഡയറക്ടര്‍ റോണെന്‍ ബാറിന്റെയും നേതൃത്വത്തിലുള്ള ഇസ്രായേല്‍ പ്രതിനിധി സംഘം കെയ്റോ, യു എസ്, ഖത്തര്‍, ഈജിപ്ത് എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരുമായി പാരീസില്‍ ചര്‍ച്ച നടത്തി.

ഇസ്രായേല്‍ പ്രതിരോധ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് ഇസ്രായേല്‍ മുന്നോട്ട് വച്ച എല്ലാ ആവശ്യങ്ങളും ഹമാസ് അംഗീകരിച്ചു. ബന്ദികളെ വിട്ടയക്കുക, മരിച്ചവരുടെ മൃതദേഹങ്ങള്‍ കൈമാറുക തുടങ്ങിയ ആവശ്യങ്ങളാണ് ഹമാസ് അംഗീകരിച്ചത്.

കരാര്‍ പൊളിഞ്ഞാല്‍ നിലവിലെ കര ആക്രമണത്തില്‍ തങ്ങളുടെ പ്രതിരോധ സേന ഇരട്ടിയാകുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്. ഇതിന് പകരമായി വടക്കന്‍ ഗാസയില്‍ നിന്ന് കുടിയിറക്കപ്പെട്ട ഫലസ്തീനികളുടെ പുനരധിവാസം സുഗമമാക്കാന്‍ ഇസ്രായേല്‍ സമ്മതിച്ചു.

കരട് വെടിനിര്‍ത്തല്‍ കരാര്‍ പ്രകാരം 300 ഫലസ്തീന്‍ തടവുകാര്‍ക്ക് പകരമായി 40 സ്ത്രീകളെയും പ്രായമായ ബന്ദികളെയും മോചിപ്പിക്കാനാകുമെന്ന് മുതിര്‍ന്ന ഈജിപ്ഷ്യന്‍ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

You might also like