ചന്ദ്രനിലിറങ്ങി ചരിത്രം സൃഷ്ടിച്ച ആദ്യ സ്വകാര്യ പേടകം ഒഡീഷ്യസ് ലാൻഡിങിനിടെ മറിഞ്ഞ് വീണു
വാഷിംഗ്ടൺ: അര നൂറ്റാണ്ടിന് ശേഷം ചന്ദ്രനിലെത്തിയ അമേരിക്കൻ ബഹിരാകാശ പേടകമായ ഒഡീഷ്യസ് ലാൻഡിങിനിടെ മറിഞ്ഞ് വീണതായി കണ്ടെത്തൽ. ചന്ദ്രന്റെ ഉപരിതലത്തിൽ ഒരു വശത്തേക്ക് ചെരിഞ്ഞ് കിടക്കുകയാണെന്നാണ് റിപ്പോർട്ട്. എന്നാലും ഭൂമിയിലേക്ക് വിവരങ്ങൾ നൽകാൻ പേടകത്തിന് സാധിക്കുന്നുവെന്ന് പേടകം നിർമ്മിച്ച ഇന്റൂയിറ്റീവ് മെഷീൻസ് വ്യക്തമാക്കി.
വെള്ളിയാഴ്ച ഇന്ത്യൻ സമയം പുലർച്ചെ 4.30-നാണ് ഒഡീഷ്യസ് പേടകം ചന്ദ്രനിലിറങ്ങിയത്. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ നിന്ന് 300 കിലോമീറ്റർ അകലെ മലപോർട്ട് എ എന്ന ഗർത്തത്തിലായിരുന്നു സോഫ്റ്റ് ലാൻഡിംഗ്. ലാൻഡിംഗിന്റെ അവസാന നിമിഷങ്ങളിൽ പേടകവുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ബാക്ക് അപ്പ് ഗൈഡൻസ് സംവിധാനത്തിലേക്ക് മാറിയ പേടകം ലാൻഡിംഗിന് മിനിറ്റുകൾക്ക് ശേഷമാണ് ബന്ധം പുനസ്ഥാപിച്ചത്.
നാസയുടെ ലൂണാർ റിക്കനൈസൻസ് ഓർബിറ്റർ ഉപയോഗിച്ച് ഒഡീസിയസിന്റെ ചിത്രം പകർത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഒരാഴ്ചക്കുള്ളിൽ ഇത് സാധ്യമായേക്കുമെന്നാണ് പ്രതീക്ഷ. ലാൻഡിംഗിനിടെ പേടകം ഒരു കാലിൽ ഊന്നി ഒരു വശത്തേക്ക് ചരിയുകയും പേടകത്തിന്റെ മുകൾ ഭാഗം പാറയിൽ തട്ടി നിൽക്കുകയാണെന്നാണ് വിവരം. സോളാർ പാനലുകളെല്ലാം മുകളിലേക്ക് തിരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്. പേടകത്തിലെ ആന്റിനകൾ താഴേക്ക് തിരിഞ്ഞു കിടക്കുന്നതിനാൽ ഉപകരണങ്ങളിൽ നിന്നുള്ള വിവരങ്ങൾ ഭൂമിയിൽ ഡൗൺലോഡ് ചെയ്യാൻ സാധിക്കുന്നില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.
ഫെബ്രുവരി 15 നായിരുന്നു ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്നും ഒഡീഷ്യസ് കുതിച്ചത്. സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റിൽ നാസയുടെ ആറ് പേലോഡുകളുമായിട്ടായിരുന്നു ചന്ദ്രനിലേക്കുള്ള യാത്ര. 14 അടി നീളമുള്ള ലാൻഡർ വെറും ആറ് ദിവസം കൊണ്ടാണ് ചന്ദ്രനിലെത്തിയത്. ഇതിനിടെ 6,20000 മൈലുകൾ സഞ്ചരിച്ചിരുന്നു