അനുദിന പ്രാര്‍ത്ഥനകളിലൂടെയും വചന ശ്രവണത്തിലൂടെയും നമുക്കു ചുറ്റുമുള്ളവരിലും യേശുവിനെ കണ്ടുമുട്ടുക: ഫ്രാന്‍സിസ് പാപ്പ
വത്തിക്കാന്‍ സിറ്റി: യേശുവിന്റെ പ്രകാശത്തെ തുറവിയോടെ സ്വീകരിക്കണമെന്നും ഒരിക്കലും ആ പ്രകാശത്തില്‍ നിന്ന് വ്യതിചലിക്കരുതെന്നും ഓര്‍മ്മപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ. നോമ്പുകാലത്ത് ഈ ഒരു ഉറച്ച തീരുമാനം കൈക്കൊള്ളാന്‍ പരിശുദ്ധ പിതാവ് വിശ്വാസികളേവരോടും ആഹ്വാനം ചെയ്തു.
ഞായറാഴ്ച ത്രികാലജപ പ്രാര്‍ത്ഥനയോടനുബന്ധിച്ച് പ്രതിവാര സന്ദേശം നല്‍കുകയായിരുന്നു പാപ്പ. യേശുവിന്റെ രൂപാന്തരീകരണത്തെക്കുറിച്ച് മര്‍ക്കോസിന്റെ സുവിശേഷത്തില്‍ നിന്നുള്ള വായനയെ (മര്‍ക്കോസ് 9:2-10) ആസ്പദമാക്കിയാണ് പാപ്പാ നോമ്പിലെ രണ്ടാം ഞായറാഴ്ച വിചിന്തനങ്ങള്‍ നല്‍കിയത്.
പീഡാനുഭവത്തെക്കുറിച്ച് ശിഷ്യന്മാരെ മുന്‍കൂട്ടി അറിയിച്ചതിനു ശേഷം, യേശു പത്രോസിനെയും യാക്കോബിനെയും യോഹന്നാനെയും കൂട്ടി ഒരു ഉയര്‍ന്ന മലയിലേക്ക് പോയി. അവിടെ തന്റെ സര്‍വ്വമഹത്വവും പ്രകടമാകുന്നവിധം പ്രകാശപൂരിതനായി അവര്‍ക്ക് കാണപ്പെടുകയും ചെയ്തു. പരീക്ഷകളോ കഠിനമായ പീഡാനുഭവങ്ങളോ എന്തുമായിക്കൊള്ളട്ടെ, പിന്നീടൊരിക്കലും ആ പ്രകാശത്തില്‍ നിന്ന് ദൃഷ്ടി പിന്‍വലിക്കുകയെന്നത് അവര്‍ക്ക് സാധ്യമായിരുന്നില്ല – മാര്‍പാപ്പ അടിവരയിട്ടു പറഞ്ഞു.
യേശുവാകുന്ന പ്രകാശത്തില്‍ നിന്ന് നമ്മുടെ കണ്ണുകള്‍ ഒരിക്കലും വ്യതിചലിച്ചു പോകരുതെന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ജീവിതയാത്രയിലുടനീളം, ക്രിസ്തുവിന്റെ പ്രശോഭിതമായ മുഖം മാത്രം കണ്‍മുമ്പില്‍ സൂക്ഷിക്കാനാണ് ക്രിസ്ത്യാനികളായ നാമേവരും വിളിക്കപ്പെട്ടിരിക്കുന്നത്. മുന്‍കാലങ്ങളില്‍ കര്‍ഷകര്‍ വയലുകള്‍ ഉഴുതുമറിക്കുകയും ഉഴവുചാലുകളില്‍ മാത്രം ശ്രദ്ധ മുഴുവന്‍ കേന്ദ്രീകരിക്കുകയും ചെയ്തിരുന്നതുപോലെയാണ് ഇത് – പാപ്പാ കൂട്ടിച്ചേര്‍ത്തു