ജരന്‍വാലയിലെ ക്രൈസ്തവ വിരുദ്ധ കലാപം: വ്യാജ കേസില്‍ പ്രതിചേര്‍ത്ത ക്രൈസ്‌തവര്‍ക്ക് മോചനം
ലാഹോർ: പാക്കിസ്ഥാനിലെ ജരന്‍വാലയില്‍ കലാപത്തിനു കാരണക്കാരെന്ന് ആരോപിക്കപ്പെട്ട ക്രൈസ്‌തവ സഹോദരങ്ങളെ പാക്കിസ്ഥാൻ കോടതി കുറ്റവിമുക്തരാക്കി. ഉമർ സലീം (റോക്കി), ഉമെയ്ർ സലീം (രാജ) സഹോദരങ്ങളോട് ഇസ്ലാം മതസ്ഥര്‍ വ്യക്തിവിരോധം തീർക്കുകയായിരുന്നുവെന്ന് നിരീക്ഷിച്ച ഫൈസലാബാദിലെ തീവ്രവാദവിരുദ്ധ കോടതി ഇവരെ കുറ്റവിമുക്തരാക്കുകയായിരിന്നു. ഖുറാനെ അപമാനിച്ചുവെന്ന് ആരോപിച്ച് റോക്കി, രാജ എന്നീ സഹോദരങ്ങളെ കുപ്രസിദ്ധമായ മതനിന്ദ നിയമപ്രകാരമാണ് കേസെടുത്തത്. എന്നാൽ രണ്ടു ഇസ്ലാം മതവിശ്വാസികള്‍ ക്രൈസ്‌തവ സഹോദരങ്ങളോടുള്ള വ്യക്തിവിദ്വേഷം തീർക്കാനായി മതനിന്ദാ കേസിൽ കുടുക്കുകയായിരുന്നുവെന്ന് കോടതി കണ്ടെത്തി.
2023 ഓഗസ്റ്റ് 16നാണ് ലാഹോറിൽനിന്ന് 130 കിലോമീറ്റർ അകലെയുള്ള ജരന്‍വാലയില്‍ വ്യാജ മതനിന്ദ ആരോപണത്തിന്റെ പേരില്‍ ക്രൈസ്തവര്‍ക്കെതിരെ വ്യാപകമായ ആക്രമണം അരങ്ങേറിയത്. ഇരുപതോളം ദേവാലയങ്ങളും, എണ്ണൂറിലധികം ക്രിസ്ത്യന്‍ ഭവനങ്ങളും തകര്‍ക്കപ്പെട്ടു. അക്രമത്തെ തുടര്‍ന്നു പതിനായിരത്തോളം ക്രൈസ്തവരാണ് ഭവനരഹിതരായി തീര്‍ന്നത്. കറാച്ചി, സര്‍ഗോദ, റാവല്‍പിണ്ടി എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ ദേവാലയങ്ങളുടെ ഭിത്തികളും ഖുറാന്‍ സൂക്തങ്ങള്‍ എഴുതി അക്രമികള്‍ അലംകോലമാക്കി.
ദേവാലയം അഗ്നിക്കിരയാക്കുന്നതും കുരിശ് തകര്‍ക്കുന്നതും കൊലവിളി മുഴക്കുന്നതിന്റെയും ദൃശ്യങ്ങള്‍ അക്രമികള്‍ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിന്നു. കലാപകാരികളെന്ന് സംശയിക്കുന്ന നൂറ്റിഅന്‍പതോളം പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ജരൻവാലയില്‍ തീവ്ര ഇസ്ലാമിസ്റ്റുകള്‍ തകർത്ത പള്ളികളും ക്രൈസ്തവ ഭവനങ്ങളും സർക്കാർ പുനരുദ്ധരിക്കുമെന്നു പഞ്ചാബ് പ്രവിശ്യയിലെ ഇടക്കാല മുഖ്യമന്ത്രി മൊഹ്സിൻ നഖ്വി പ്രഖ്യാപിച്ചിരിന്നു. അതേസമയം പ്രദേശത്ത് നിന്നു പലായനം ചെയ്ത ക്രൈസ്തവരില്‍ നിരവധി പേര്‍ ഇതുവരെയും അക്രമ ഭീഷണിയെ തുടര്‍ന്നു മടങ്ങി വന്നിട്ടില്ല.