ചൈനയില്‍ ഉഗ്രസ്‌ഫോടനം;ഒരാള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു
ബെയ്ജിങ്: ചൈനയിലെ ഹെബേയ് പ്രവിശ്യയിലെ ജനവാസമേഖലയില്‍ ബുധനാഴ്ച രാവിലെയുണ്ടായ ഉഗ്രസ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും 22 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി ചൈന സെന്‍ട്രല്‍ ടെലിവിഷന്‍ (സിസിടിവി) റിപ്പോര്‍ട്ട് ചെയ്തു. ബെയ്ജിങ്ങില്‍നിന്ന് ഏകദേശം 50 കിലോമീറ്റര്‍ അകലെയാണ് അപകടമുണ്ടായ പ്രദേശം. ഗ്യാസ് ലീക്കായതാണ് സ്ഫോടനത്തിന് കാരണമായതെന്നാണ് പ്രാഥമികനിഗമനം.
സ്ഫോടനമുണ്ടായ സ്ഥലത്തുനിന്നും സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വീഡിയോ ദൃശ്യങ്ങളില്‍ വലിയതോതില്‍ പുക ഉയരുന്നതായും കെട്ടിടങ്ങള്‍ക്കും നിരവധി കാറുകള്‍ക്കും കേടുപാടുണ്ടായതായും വ്യക്തമാണ്. സ്ഫോടനത്തെ തുടര്‍ന്നുണ്ടായ അഗ്‌നിബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചതായി അഗ്‌നിരക്ഷാവകുപ്പ് പ്രതികരിച്ചു.
രാവിലെ എട്ട് മണിയോടെയായിരുന്നു സ്ഫോടനമുണ്ടായത്. ഒരു റെസ്റ്റോറന്റിലെ താഴത്തെ നിലയിലാണ് സ്ഫോടനം നടന്നത്. അപകടത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയതായി സിസിടിവി അറിയിച്ചു. ഒരാള്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കൂടുതല്‍ പേര്‍ക്ക് ജീവഹാനിയുണ്ടായതായി സംശയിക്കുന്നതായി സിസിടിവി കൂട്ടിച്ചേര്‍ത്തു.