ജെസ്നയുടെ തിരോധാനം: തടസഹർജി കോടതി ഫയലിൽ സ്വീകരിച്ചു
തിരുവനന്തപുരം: ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കുടുംബം നൽകിയ തടസഹർജി കോടതി ഫയലിൽ സ്വീകരിച്ചു. കേസ് അവസാനിപ്പിക്കുന്നുവെന്ന് കാണിച്ച് കഴിഞ്ഞ ജനുവരിയിൽ സി.ബി.ഐ കോടതിയിൽ സമർപ്പിച്ച ക്ലോഷർ റിപ്പോർട്ടിനെതിരെയായിരുന്നു ഹർജി.
അന്വേഷണം തുടരണമെന്നാണു കുടുംബം ആവശ്യപ്പെട്ടത്. കേസ് ഈ മാസം 26ന് തിരുവനന്തപുരം സി.ജെ.എം കോടതി വീണ്ടും പരിഗണിക്കും.
ജെസ്‌നയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ഒരു തുമ്പും കണ്ടെത്താനാകാത്തതിനാല്‍ അന്വേഷണം അവസാനിപ്പിക്കുകയാണെന്നാണ് സി.ബി.ഐ അറിയിച്ചിരുന്നത്. പെൺകുട്ടി മരിച്ചുവെന്നതിനോ എവിടെയാണെന്നതിനോ ഒരു തെളിവും ലഭിച്ചിട്ടില്ലെന്നാണ് അന്വേഷണ ഏജൻസി ഇതിനു കാരണമായി പറഞ്ഞത്. കോടതി ക്ലോഷർ റിപ്പോർട്ട് അംഗീകരിച്ചാൽ അന്വേഷണം അവസാനിപ്പിക്കും.
എന്നാൽ, റിപ്പോർട്ട് സമർപ്പിച്ചതിനു തൊട്ടടുത്ത ദിവസം ജെസ്‌നയുടെ പിതാവ് ജെയിംസ് തിരുവനന്തപുരം സി.ജെ.എം കോടതിയിൽ തടസഹർജി നൽകി. ആ ദിവസം ജഡ്ജി അവധിയായതിനാൽ കോടതി വാദം കേട്ടില്ല. തുടർന്ന് ഇന്നലത്തേക്കു മാറ്റുകയായിരുന്നു. 26ന് തടസഹർജിയിൽ നടക്കുന്ന വാദത്തിൽ സി.ബി.ഐയ്ക്കു പറയാനുള്ള കാര്യങ്ങൾ കോടതി കേൾക്കും.
സിബിഐ അന്വേഷണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിയാണ് എരുമേലി സ്വദേശി ജെയിംസ് ജോസഫ് ഹർജി നൽകിയത്. ജസ്നയെ അജ്ഞാത സുഹൃത്ത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത അന്വേഷിച്ചില്ലെന്ന് പിതാവിൻ്റെ ഹർജിയിൽ പറയുന്നു.
ഈ ദിവസങ്ങളിൽ ജെസ്നയ്ക്ക് അമിത രക്തസ്രാവം ഉണ്ടായിരുന്നു. ഇക്കാര്യം സുഹൃത്തിനോട് പറയാനാണ് ജസ്ന വീടുവിട്ടതെന്ന സംശയവുമുണ്ട്. സിബിഐ യുടെ ക്ലോഷർ റിപ്പോർട്ട് ചോദ്യം ചെയ്ത തിരുവനന്തപുരം സി ജെ എം കോടതിയിൽ പിതാവ് ജെയിംസ് നൽകിയ ഹർജിയിലാണ് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചിരിക്കുന്നത്.
അഭിഭാഷകനായ ശ്രീനിവാസൻ വേണുഗോപാൽ മുഖേന ജെയിംസ് ജോസഫ് നേരിട്ടെത്തിയാണ് ഹർജി സമർപ്പിച്ചത്.
അമിത രക്ത സ്രാവം സംബന്ധിച്ച് ചില തെളിവുകൾ
ലഭിച്ചിരുന്നു .തിരുവല്ല ഡിവൈഎസ്പിയുടെ അന്വേഷണത്തിൽ രക്തക്കറ പുരണ്ട വസ്ത്രങ്ങൾ കണ്ടെടുത്തിരുന്നു. എന്നാൽ ഈ വസ്ത്രം ശാസ്ത്രീയ പരിശോധന നടത്താൻ സിബിഐ തയ്യാറായില്ല. സുഹൃത്ത് ദുരുപയോഗം ചെയ്തതിനെ തുടർന്ന് എന്തെങ്കിലും മരുന്ന് കഴിച്ചതാണോ അമിത രക്തസ്രാവം ഉണ്ടായതിന് കാരണമെന്നും അന്വേഷിച്ചില്ലെന്ന് ഹർജിയിൽ പറയുന്നു.
തിരോധാനത്തിനു മുൻപ് ഒരു എൻ എസ് എസ് ക്യാമ്പിൽ ജസ്ന പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും അന്വേഷിച്ചില്ല.ജസ്ന താമസിക്കുന്ന ഹോസ്റ്റലിലെ അഞ്ചു വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചും അന്വേഷണം നടന്നില്ല.ഇത് അന്വേഷിച്ചിരുന്നെങ്കിൽ അജ്ഞാത സുഹൃത്തിനെ കണ്ടെത്താൻ കഴിയുമായിരുന്നുവെന്നും പിതാവ് ഹർജിയിൽ പറയുന്നു.
പുലിക്കുന്നിനും ,നെടുങ്കണ്ടത്തിനും ഇടയിൽ വെച്ചാണ് ജെസ്നയെ കാണാതാവുന്നത്. ഈ മേഖല കേന്ദ്രീകരിച്ചുള്ള സിസിടിവി ദൃശ്യങ്ങൾ അടക്കമുള്ള തെളിവുകൾ ശേഖരിക്കാനുള്ള ശ്രമവും സിബിഐയുടെ ഭാഗത്തുനിന്നുണ്ടായില്ലെന്ന് പിതാവ് ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു.
2018 മാർച്ച് 22നാണ് കാഞ്ഞിരപ്പള്ളി എസ് ഡി കോളജിലെ രണ്ടാം വർഷം ബി-കോം വിദ്യാർത്ഥിയായ ജസ്ന മരിയ ജെയിംസിനെ കാണാതാവുന്നത് .മുണ്ടക്കയം പുഞ്ചവയലിലെ ബന്ധുവീട്ടിലേക്ക് എന്ന് പറഞ്ഞാണ് ജെസ്ന സ്വന്തം വീട് വിട്ട് ഇറങ്ങിയത്.