യുഎഇയിൽ ഞായർ മുതൽ ചൊവ്വ വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത
അബുദാബി: യുഎഇയിൽ ഞായർ മുതൽ ചൊവ്വ വരെ ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഴയെ തുടർന്ന് താപനില കുറയും. ശക്തമായ കാറ്റുവീശാനും സാധ്യതയുണ്ട്. തെക്കു കിഴക്കു ഭാഗത്തുനിന്ന് വീശിയടിക്കുന്ന കാറ്റ് വടക്കു കിഴക്ക് ദിശയിലേക്കും പിന്നീട് വടക്കുപടിഞ്ഞാറ് ദിശയിലേക്കും നീങ്ങും. മണൽ കാറ്റ് അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ നിറയ്ക്കും. ദൃശ്യപരിധി കുറയുന്നത് സുഗമമായ ഗതാഗതത്തിനും തടസ്സം സൃഷ്ടിക്കും. മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങി അസ്ഥിര കാലാവസ്ഥയിൽ അബുദാബിയിൽ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്ററായി കുറയുമെന്നും വാഹനമോടിക്കുന്നവർ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ദൂരക്കാഴ്ച കുറയുന്നത് വിമാന ഗതാഗതത്തെയും ബാധിച്ചേക്കും. വിമാനത്താവളത്തിലേക്കു പുറപ്പെടും മുൻപ് സമയമാറ്റത്തെക്കുറിച്ച് അതാതു എയർലൈനുകളുമായി ബന്ധപ്പെടണമെന്നും അറിയിപ്പുണ്ട്.