3,573 സ്‌കൂളുകളില്‍ പത്തില്‍ താഴെ വിദ്യാര്‍ഥികള്‍; ഉത്തരാഖണ്ഡില്‍ 1671 സ്‌കൂളുകള്‍ അടച്ചു പൂട്ടി
ഡെറാഡൂണ്‍: പഠിക്കാന്‍ വിദ്യാര്‍ഥികള്‍ സ്‌കൂളിലെത്താത്തതിനാല്‍ ഉത്തരാഖണ്ഡില്‍ 1671 സ്‌കൂളുകള്‍ അടച്ചു പൂട്ടി. 3,573 സ്‌കൂളുകളില്‍ പത്തില്‍ താഴെ വിദ്യാര്‍ഥികള്‍ മാത്രമാണ് പഠിക്കുന്നത്. 102 സ്‌കൂളുകളില്‍ ഒരു വിദ്യാര്‍ഥി മാത്രമാണ് പഠിക്കുന്നത്.
പൗരി ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്‌കൂളുകള്‍ അടച്ചു പൂട്ടിയത്. 315 സ്‌കൂളുകളാണ് ഇവിടെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഏറ്റവും കുറവ് സ്‌കൂളുകള്‍ അടച്ച് പൂട്ടിയ ഉദ്ദംസിങ് നഗര്‍ ജില്ലയില്‍ 21 സ്‌കൂളുകള്‍ക്കാണ് താഴിട്ടത്.
വിവിധ ജില്ലകളില്‍ അടച്ചു പൂട്ടിയ സ്‌കൂളുകളുടെ ലിസ്റ്റ് പൊതുവിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡിജിഇ) അടുത്തിടെ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാരോട് ആവശ്യപ്പെട്ടിരുന്നു. അതേസമയം സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ ഫിന്‍ലന്‍ഡ് മാതൃക സ്വീകരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍ അവകാശപ്പെട്ടു.
ഇതിന്റെ പേരില്‍ സംസ്ഥാന വിദ്യാഭ്യാസ മന്ത്രിയടക്കമുള്ളവര്‍ നാല് ദിവസം ഫിന്‍ലന്റും സ്വിറ്റ്സര്‍ലന്റും സന്ദര്‍ശിച്ചിരുന്നു. അടച്ചുപൂട്ടിയ സര്‍ക്കാര്‍ സ്‌കൂള്‍ കെട്ടിടങ്ങള്‍ അങ്കണവാടി കേന്ദ്രങ്ങളായും ഹോംസ്റ്റേകളായും ഉപയോഗിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ ബന്‍ഷിധര്‍ തിവാരി പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.