ക്രിസ്തുവിന്റെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം സ്വീഡിഷ് പുരാവസ്തുഗവേഷകർ കണ്ടെത്തി

0

സ്റ്റോക്ക്ഹോം: ക്രിസ്തുവിൻറെ മുഖം ആലേഖനം ചെയ്ത നൂറ്റാണ്ടുകൾ പഴക്കമുള്ള മോതിരം തെക്ക് കിഴക്കൻ സ്വീഡനിൽ നിന്ന് കണ്ടെത്തി. പുരാവസ്തുഗവേഷകർ തീരദേശ നഗരമായ കൽമാറിൽ സർക്കാരിൻറെ നാഷ്ണൽ ഹിസ്റ്റോറിക്കൽ മ്യൂസിയംസ് ഏജൻസിക്ക് വേണ്ടി ഗവേഷണം നടത്തുന്നതിനിടയിലാണ് മോതിരം ശ്രദ്ധയിൽപ്പെട്ടത്. ഇതോടൊപ്പം ഏകദേശം 400 വർഷങ്ങളോളം പഴക്കമുള്ള കെട്ടിടങ്ങളും, തെരുവ് വീഥികളും അടക്കം ഈ പ്രദേശത്ത് കണ്ടെത്താൻ ഗവേഷകർക്ക് കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

പതിനഞ്ചാം നൂറ്റാണ്ടിൻറെ തുടക്കമാണ് ക്രിസ്തുവിൻറെ മുഖം ആലേഖനം ചെയ്ത മോതിരം നിര്‍മ്മിച്ചതായി കണക്കാക്കുന്നത്. വളരെ ചെറുതായതിനാൽ അത്തരം മോതിരം സ്ത്രീ ധരിച്ചതായിരിക്കാമെന്നും അനുമാനമുണ്ട്. സമാനമായ ചില മോതിരങ്ങള്‍ വടക്കൻ ഫിൻലാൻഡിലും ഓസ്റ്റർഗോട്ട്‌ലൻഡിലും അപ്‌ലാൻഡിലും കണ്ടെത്തിയിട്ടുണ്ടെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മുപ്പതിനായിരത്തിൽ കൂടുതൽ വസ്തുക്കൾ കണ്ടെത്താൻ സാധിച്ചുവെന്നും, ഇത് പ്രതീക്ഷകൾക്ക് അപ്പുറത്താണെന്നും നാഷണൽ ഹിസ്റ്റോറിക്കൽ മ്യൂസിയംസിനു വേണ്ടി പ്രവർത്തിക്കുന്ന ആർക്കിയോളജിസ്റ്റ് എന്ന സംഘടന പ്രസ്താവിച്ചു. മധ്യകാലഘട്ടത്തിലെ നഗരത്തിന്റെ മൂടി എടുത്തുമാറ്റാൻ തങ്ങൾക്ക് സാധിച്ചുവെന്നും എങ്ങനെയാണ് ആളുകൾ ജീവിച്ചതെന്നും ഭക്ഷണം കഴിച്ചതെന്നും, വെള്ളം കുടിച്ചതെന്നും എപ്രകാരമാണ് ഇതിൽ മാറ്റം ഉണ്ടായതെന്നും തങ്ങൾക്ക് പഠിക്കാൻ സാധിച്ചുവെന്നും സംഘടനയുടെ പ്രൊജക്റ്റ് മാനേജർ മാഗ്നസ് സ്ടിബൂസ് പറഞ്ഞു. ഒന്‍പതാം നൂറ്റാണ്ടോടെയാണ് സ്വീഡനില്‍ ക്രൈസ്തവ വിശ്വാസം എത്തിച്ചേര്‍ന്നതെന്ന് കരുതപ്പെടുന്നു.
കടപ്പാട് :പ്രവാചക ശബ്ദം

You might also like