വിദ്യാര്‍ഥി വീസയ്ക്കുള്ള കര്‍ശന നിയന്ത്രണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തില്‍
സിഡ്നി : കുടിയേറ്റം റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയതോടെ വിദ്യാര്‍ഥി വീസയ്ക്ക് ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ ഓസ്‌ട്രേലിയയില്‍ പ്രാബല്യത്തില്‍. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കും നിയന്ത്രണം ബാധകമാണ്. വിദ്യാര്‍ഥി, ബിരുദ വീസ അപേക്ഷകര്‍ക്ക് ഇംഗ്ലിഷ് ഭാഷാ പ്രാവീണ്യത്തിനുള്ള മാനദണ്ഡങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. അതേസമയം നിയമങ്ങള്‍ ആവര്‍ത്തിച്ച് ലംഘിച്ചാല്‍ രാജ്യാന്തര വിദ്യാര്‍ഥികളെ റിക്രൂട്ട് ചെയ്യുന്നതില്‍ നിന്ന് വിദ്യാഭ്യാസദാതാക്കളെ സസ്‌പെന്‍ഡ് ചെയ്യാനുള്ള അധികാരം സര്‍ക്കാരിന് ലഭിക്കുന്നതും പുതിയ നിയമത്തിലെ സവിശേഷതയാണ്. രാജ്യാന്തര വിദ്യാര്‍ഥികള്‍ക്ക് അനിയന്ത്രിതമായ ജോലി സമയം ഉള്‍പ്പെടെ മുന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് കാല ഇളവുകള്‍ നേരത്തെ നിര്‍ത്തലാക്കിയിരുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ കുടിയേറ്റക്കാരെ പകുതിയായി കുറയ്ക്കാന്‍ കഴിയുന്ന വിധത്തില്‍ വിദ്യാര്‍ഥികള്‍ക്കായി നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനാണ് ലക്ഷ്യമെന്ന് അന്ന് സര്‍ക്കാര്‍ പറഞ്ഞിരുന്നു. വിദ്യാര്‍ഥി വീസകള്‍ക്കുള്ള താത്കാലിക പ്രവേശന ടെസ്റ്റിന് പകരം ജനുവിന്‍ സ്റ്റുഡന്റ് ടെസ്റ്റ് (ജിഎസ്ടി) സര്‍ക്കാര്‍ കൊണ്ടുവന്നു. ഈ മാസം 23 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നു.