വേനൽച്ചൂട് കനക്കുന്നു ; രാത്രിയിലെ വൈദ്യുതി ആവശ്യം 5500 മെഗാവാട്ടിന് മുകളിലേക്ക്

0

കൊച്ചി: വേനൽച്ചൂടിൽ വൈദ്യുതിയിലെ കണക്കുകൂട്ടലുകൾ തെറ്റുമെന്ന് ഉറപ്പായി. സൂര്യൻ ഭൂമിയോട് അടുത്തുനിൽക്കുന്ന മാർച്ച് 21 മുതൽ ഏപ്രിൽ 21 വരെയുള്ള ഒരുമാസം നിർണായകമാണ്. രാത്രിയിലെ വൈദ്യുതിയാവശ്യം 5500 മെഗാവാട്ടിന് മുകളിലേക്ക് കുതിക്കുമെന്നാണ് സ്ഥിതി. വൈദ്യുതി ഉപഭോഗം 104.6 ദശലക്ഷം യൂണിറ്റിലുമെത്തി. പുറമേനിന്നുള്ള വൈദ്യുതിലഭ്യതയും പ്രശ്നത്തിലാകുമെന്ന സൂചനകളും വന്നുതുടങ്ങി. വൈദ്യുതി ഉത്പാദിപ്പിക്കുന്ന ഡാമുകളിൽ ഇപ്പോൾ ശേഷിക്കുന്നത് സംഭരണശേഷിയുടെ 46 ശതമാനം വെള്ളംമാത്രമാണ്. മഴക്കാലമെത്തുംവരെ 10 ശതമാനം വെള്ളമെങ്കിലും സൂക്ഷിക്കണമെന്നതും ചെളിയും മണലുമടിഞ്ഞ് സംഭരണശേഷി കുറഞ്ഞതും കണക്കിലെടുക്കണം. വൈദ്യുതി വാങ്ങുന്ന പവർ എക്സ്‌ചേഞ്ചുകളിൽ വൈദ്യുതി യൂണിറ്റിന് പരമാവധി 10 രൂപയാക്കി നിശ്ചയിച്ചിട്ടുണ്ട്. ഇത് കൂട്ടാൻ സാധ്യമല്ല. പക്ഷെ എക്സ്‌ചേഞ്ചിലെ രണ്ടാംമാർക്കറ്റായ ഹൈപ്രൈസ് മാർക്കറ്റ് വഴി വൈദ്യുതി വിൽക്കാനുള്ള ശ്രമം സ്വകാര്യ വൈദ്യുതി ഉത്പാദകർ തുടങ്ങിയിട്ടുണ്ട്. ഇവിടെ യൂണിറ്റിന് പരമാവധി 20 രൂപയാണ് നിരക്ക്.

You might also like