തെലുങ്കാനയില്‍ ക്രിസ്ത്യന്‍ സ്‌കൂള്‍ അടിച്ച് തകര്‍ത്ത് തീവ്ര ഹിന്ദുത്വ വാദികള്‍: മദര്‍ തെരേസയുടെ രൂപം നശിപ്പിച്ചു; മലയാളി വൈദികന് മര്‍ദ്ദനമേറ്റു
ഹൈദരാബാദ്: തെലുങ്കാനയില്‍ കത്തോലിക്ക സഭയുടെ നേതൃത്വത്തിലുള്ള സ്‌കൂളിന് നേരെ തീവ്ര ഹിന്ദുത്വ വാദികളുടെ ആക്രമണം. എംസിബിഎസ് സന്യാസ സമൂഹത്തിന്റെ നേതൃത്വത്തില്‍ ലക്‌സെട്ടിപ്പെട്ടില്‍ പ്രവര്‍ത്തിക്കുന്ന ബെസ്ഡ് മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂളിന് നേരെയാണ് തീവ്ര ഹിന്ദു സംഘടനയുടെ നേതൃത്വത്തില്‍ വന്‍ ആക്രമണമുണ്ടായത്.
സ്‌കൂളില്‍ ധരിക്കേണ്ട പതിവ് യൂണിഫോമിന് പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്ന കുട്ടികളോട് കാരണം തിരക്കിയതാണ് ആക്രമണത്തിന് പിന്നിലെ കാരണം. ‘ഹനുമാന്‍ സ്വാമീസ്’ എന്ന സംഘടനയുടെ നേതൃത്വത്തിലായിരുന്നു അക്രമം.
ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ മദര്‍ തെരേസയുടെ രൂപം ഉള്‍പ്പെടെയുള്ളവ അക്രമികള്‍ അടിച്ചു തകര്‍ക്കുകയും മലയാളി വൈദികനെ മര്‍ദ്ദിക്കുകയും ചെയ്തു. കൂടാതെ അക്രമികള്‍ സ്‌കൂളിന്റെ ഒന്നാം നിലയും രണ്ടാം നിലയിലെ ഒരു ഭാഗവും ഓഫീസ് റൂമിന്റെ ജനാലകളും ഗേറ്റും സെക്യൂരിറ്റി റൂമും അടിച്ചു തകര്‍ത്തു.
സ്‌കൂളില്‍ യൂണിഫോമില്ലാതെ കുറച്ചു കുട്ടികള്‍ വന്നതിനെപ്പറ്റി തിരക്കിയപ്പോള്‍ മതപരമായ കാര്യങ്ങളാലാണ് എന്നായിരുന്നു മറുപടിയെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. മാതാപിതാക്കളെ ഫോണില്‍ വിളിക്കാനും ഇതു ധരിക്കേണ്ടത് മതപരമായ ആവശ്യമാണെന്ന് മാതാപിതാക്കള്‍ പറഞ്ഞാല്‍ ധരിക്കാമെന്നും സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.